സ്വന്തം ലേഖകന്‍: ക്രൂരനായ ഏകാധിപതിയെന്ന പ്രതിഛായ പൊളിച്ചു പണിയാന്‍ ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍, സഹോദരിയെ പോളിറ്റ് ബ്യൂറോയില്‍ ഉള്‍പ്പെടുത്തി. കിമ്മിന്റെ സഹോദരി കിം യോ ജോങ്ങിനെ രാജ്യത്തിന്റെ പരമോന്നത അധികാരകേന്ദ്രമായ പാര്‍ട്ടിയുടെ പൊളിറ്റ് ബ്യൂറോയില്‍ ഉള്‍പ്പെടുത്തിയത് നിര്‍ണായക നീക്കമായി നിരീക്ഷകര്‍ വിലയിരുത്തുന്നു. ശനിയാഴ്ചനടന്ന വര്‍ക്കേഴ്സ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തത്.
ഉന്‍ അധികാരമേറ്റ 2014 മുതല്‍ രാജ്യത്തിന്റെ ആശയ പ്രചാരണ വിഭാഗം ചുമതല കിം യോ ജോങ്ങിനാണ്. പ്രധാന പൊതുപരിപാടികളുടെ സംഘാടക, ഉന്നിന്റെ പ്രതിച്ഛായാ നിര്‍മിതിയുടെ ചുമതലക്കാരി എന്നിങ്ങനെയുള്ള വിശേഷണങ്ങളും ജോങ്ങിനുണ്ട്. കിമ്മിന്റെ പിതാവും മുന്‍ ഭരണാധികാരിയുമായിരുന്ന കിം ജോങ് ഇല്ലിന്റെ സഹോദരി കിം ക്യോങ് ഹീയെ ഒഴിവാക്കിയാണ് കിം യോ ജോങ്ങിന് സ്ഥാനം നല്‍കിയത്.
ഭരണത്തില്‍ കിമ്മിന് കൂടുതല്‍ അധികാരം കേന്ദ്രീകരിക്കാനാണ് ഈ നടപടിയെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. മനുഷ്യാവകാശലംഘനങ്ങള്‍ ആരോപിച്ച് 28 കാരിയായ കിം യോ ജോങ്ങിനെ ജനുവരിയില്‍ യു.എസ്. കരിമ്പട്ടികയില്‍പ്പെടുത്തിയിരുന്നു. കിം ജോങ് ഇല്ലിന്റെ രണ്ടാമത്തെ ഭാര്യയിലുണ്ടായ മക്കളാണ് കിം ജോങ് ഉന്നും കിം യോ ജോങ്ങും. ഇവരുടെ അര്‍ധ സഹോദരനാണ് ഫെബ്രുവരിയില്‍ മലേഷ്യയിലെ ക്വലാലംപുര്‍ വിമാനത്താവളത്തില്‍ വിഷസൂചി ആക്രമണത്തില്‍ കൊല്ലപ്പെട്ട കിം ജോങ് നാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല