സ്വന്തം ലേഖകന്‍: കാറ്റലോണിയയുടെ സ്വതന്ത്ര രാഷ്ട്ര പ്രഖ്യാപനം വെറുതെ, പ്രക്ഷോഭം ഭരണഘടന ഉപയോഗിച്ച് അടിച്ചമര്‍ത്തുമെന്ന് സ്പാനിഷ് പ്രധാനമന്ത്രി. കാറ്റലോണിയ ഹിതപരിശോധന നടത്തി സ്വാതന്ത്ര പ്രഖ്യാപനത്തിന് കാത്തിരിക്കെയാണ് കാറ്റലോണിയന്‍ സ്വാതന്ത്ര പ്രക്ഷോഭത്തെ ഭരണഘടന ഉപയോഗിച്ച് അടിച്ചമര്‍ത്തുമെന്ന് ആവര്‍ത്തിച്ച് സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രജോയി രംഗത്തെത്തിയത്.
സ്പെയിനില്‍നിന്ന് വേറിട്ടു പോകാനുള്ള കാറ്റാലന്‍ നീക്കത്തിനെതിരെ പതിനായിരങ്ങള്‍ റാലി നടത്തിയതിന് പിന്നാലെയാണ് രജോയിയുടെ പ്രഖ്യാപനം. സ്പാനിഷ് പത്രമായ എല്‍ പാരിസിന് നല്കിയ അഭിമുഖത്തിലാണ് ഭരണഘടന ഉപയോഗിച്ച് കാറ്റലോണിയന്‍ സ്വാതന്ത്ര്യം തടയുമെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചത്. നിയമത്തിന് പുറത്തുനിന്ന് ഒന്നും ചെയ്യില്ല. ചിലപ്പോള്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 155 ഉപയോഗിച്ചേക്കാമെന്നും രജോയി സൂചന നല്കി.
ന്യൂക്ലിയര്‍ ഓപ്ഷന് എന്നറിയപ്പെടുന്ന ആര്‍ട്ടിക്കിള്‍ 155 പ്രകാരം മേഖലാ സര്‍ക്കാരിനെ പിരിച്ചു വിടാനും പ്രദേശിക തെരഞ്ഞെടുപ്പ് നടത്താനും പ്രധാനമന്ത്രിക്ക് അവകാശമുണ്ട്. കാറ്റലന്‍ നേതാവ് കാള്‍സ് പ്യൂഗ്ഡെമൗണ്ട് ചൊവ്വാഴ്ച പാര്‍ലമന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇത് തടയുന്നതിന് സ്പാനിഷ് ഭരണഘടനാ കോടതി തിങ്കളാഴ്ച തുടങ്ങുന്ന കാറ്റലന്‍ പാര്‍ലമെന്റ് സമ്മേളനം റദ്ദാക്കി ഉത്തരവിട്ടിരുന്നു.
കാറ്റലന്‍ പാര്‍ലമെന്റ് ഏകപക്ഷീയ സ്വതന്ത്ര്യ പ്രഖ്യാപനം നടത്തുമെന്നാണ് സ്പെയിനിന്റെ ഭയം. എന്തു വിലകൊടുത്തും സ്വാതന്ത്ര്യ പ്രഖ്യാപനം തടയാനാണ് സ്പാനിഷ് ഭരണകൂടത്തിന്റെ തീരുമാനം. ഹിതപരിശോധനക്കിടെ 900 പേര്‍ക്ക് പരിക്കേറ്റ പൊലീസ് നടപടിയില്‍ സ്പാനിഷ് ഭരണകൂടം കാറ്റലോണിയയോട് മാപ്പു പറഞ്ഞെങ്കിലും സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ ആ നീക്കത്തിന് കഴിഞ്ഞില്ല. ഹിതപരിശോധന തടയുന്നതിന് പോളിങ് സ്റ്റേഷനുകളിലേക്ക് ഇരച്ചു കയറിയ പൊലീസ് വോട്ടര്‍മാരെ ബലമായി നീക്കുകയും ബാലറ്റ് ബോക്സുകള്‍ പിടിച്ചെടുക്കുയും ചെയ്തത് വന്‍ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല