സ്വന്തം ലേഖകന്‍: അമേരിക്കയ്ക്ക് യോഗ്യതയുള്ള കുടിയേറ്റക്കാരെ മാത്രം മതി, യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള പുതിയ കുടിയേറ്റ നയം പ്രഖ്യാപിച്ച് ട്രംപ്. അതിവിദഗ്ധ ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് പുതിയ നയം ഗുണകരമാകുമെങ്കിലും കുടുംബത്തെ ഒപ്പം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ക്കു തിരിച്ചടിയാകും. ട്രംപിന്റെ നയം പങ്കാളിയെയും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെയും ഒപ്പം കൊണ്ടുവരുന്നതിന് തടയിടുന്നില്ലെങ്കിലും പ്രായമായ മാതാപിതാക്കളെ യുഎസിലേക്ക് കൊണ്ടുവരുന്നത് അനുവദിക്കുന്നില്ല.
എന്നാല്‍ ഇന്ത്യന്‍ ഐടി പ്രഫഷണലുകള്‍ക്കിടയില്‍ ഏറ്റവും ആവശ്യക്കാരുള്ള എച്ച് 1 ബി വിസയെക്കുറിച്ച് ട്രംപ് കഴിഞ്ഞ ദിവസം യുഎസ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ച കുടിയേറ്റ നയത്തില്‍ പരാമര്‍ശിക്കുന്നില്ല. ഗ്രീന്‍ കാര്‍ഡ് സംവിധാനത്തെ ഉടച്ചു വാര്‍ക്കുന്നതിനൊപ്പം യുഎസ് മെക്സിക്കോ അതിര്‍ത്തിയിലെ വിവാദ മതിലിനു ധനസഹായം നല്‍കുന്നതിനെക്കുറിച്ചും പ്രായപൂര്‍ത്തിയാകാത്ത കുടിയേറ്റക്കാര്‍ തനിച്ച് യുഎസിലേക്ക് പ്രവേശിക്കുന്നതു തടയുന്നതിനെക്കുറിച്ചും നയത്തില്‍ വിശദമാക്കുന്നു.
എന്നാല്‍ ട്രംപിന്റെ നിര്‍ദേശങ്ങളെ കോണ്‍ഗ്രസിലെ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കള്‍ എതിര്‍ത്തു. കുട്ടികളായിരിക്കെ അമേരിക്കയിലേക്കു അനധികൃതമായി എത്തിയ കുടിയേറ്റക്കാരുടെ (ഡ്രീമേഴ്സ്) താല്പര്യങ്ങള് സംരക്ഷിക്കാന്‍ നയത്തില്‍ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. നിലവിലെ കുടിലേറ്റ നയം വൈദഗ്ധ്യത്തിലുപരി കുടുംബ അടിസ്ഥാനത്തിലുള്ള കുടിയേറ്റ ചങ്ങലയാണു സൃഷ്ടിക്കുന്നതെന്നും അതു ദേശീയ താല്പര്യത്തിന് പ്രതികൂലമാണെന്നും ട്രംപ് പറഞ്ഞു.
ദശാബ്ദങ്ങളായി തുടരുന്ന വൈദഗ്ധ്യം കുറഞ്ഞവരുടെ കുടിയേറ്റം രാജ്യത്തെ വേതനം കുറക്കുകയും തൊഴിലില്ലായ്മ വര്‍ധിപ്പിക്കുകയും ഫെഡറല്‍ വിഭവങ്ങള്‍ ഊറ്റുകയും ചെയ്തതായും ട്രംപ് കോണ്‍ഗ്രസില്‍ തുറന്നടിച്ചു. അനധികൃത കയ്യേറ്റം യുഎസ് പൗരന്മാരെ സാരമായി ബാധിക്കുന്നതിനാല്‍ കര്‍ശന നിയന്ത്രണമേ വഴിയുള്ളൂ എന്ന വാദം ട്രംപ് ആവര്‍ത്തിക്കുകയും ചെയ്തു. യുഎസിലേക്കുള്ള കുടിയേറ്റം കൂടുതല്‍ ദുഷ്ക്കരമാക്കുന്ന നയം കോണ്‍ഗ്രസിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല