സ്വന്തം ലേഖകന്‍: മലയാളികള്‍ ഇതര സംസ്ഥാന തൊഴിലാളികളെ കൊന്നൊടുക്കുന്നതായി വ്യാജ പ്രചരണം ശക്തം, കേരളത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ഉത്തരേന്ത്യ കേന്ദ്രീകരിച്ച് നടക്കുന്ന പ്രചരണത്തെ കുറിച്ച് ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെ കൊല്ലുന്നുവെന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ നടത്തുന്ന വ്യാജ പ്രചരണം. ഇതിനെ തുടര്‍ന്ന് പലയിടത്തു നിന്നും ഇതര സംസ്ഥാന തൊഴിലാളികള്‍ മടങ്ങി തുടങ്ങിയെന്ന് കഴിഞ്ഞ ദിവസം പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
സാമൂഹിക മാധ്യമങ്ങളിലെ വ്യാജ പ്രചരണം ചൂണ്ടിക്കാട്ടി കോഴിക്കോട് സിറ്റി പോലീസിന് പരാതിയും ലഭിച്ചു. സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത ഇതര സംസ്ഥാന തൊഴിലാളിയുടേത് മുതല്‍ സംസ്ഥാനത്തിന് പുറത്ത് നടന്ന ചില സംഭവങ്ങളുടേതടക്കമുള്ള ചിത്രങ്ങളാണ് വ്യാജ പ്രചരണത്തിനായി ഉപയോഗിക്കുന്നത്. സംസ്ഥാനത്ത് വ്യാപകമായി ഇതര സംസ്ഥാന തൊഴിലാളികളെ തല്ലി കൊല്ലുന്നുവെന്നാണ് ഇതര സംസ്ഥാന തൊഴിലാളികളുടെ വാട്സ് അപ്പ് ഗ്രൂപ്പുകളിലടക്കം നടക്കുന്ന പ്രചരണം.
ബംഗാള്‍, ഒഡീഷ സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ക്കിടയിലാണ് വ്യാപകമായ രീതിയില്‍ ഇത് പ്രചരിക്കുന്നത്. സന്ദേശങ്ങള്‍ നാട്ടിലേക്ക് എത്തിയതോടെ മടങ്ങി ചെല്ലാന്‍ ആവശ്യപ്പെട്ട ബന്ധുക്കളുടെ ഫോണ്‍ വിളികളും നിരന്തരമായി എത്തുന്നതായി ഇതര സംസ്ഥാന തൊഴിലാളികള്‍ പറയുന്നു. രണ്ട് ദിവസത്തിനുള്ളില്‍ കോഴിക്കോട്ടെ ഹോട്ടല്‍ മേഖലയില്‍ നിന്ന് മാത്രം 200 ലധികം തൊഴിലാളികള്‍ മടങ്ങിയതായി ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന് വ്യക്തമാക്കി. വ്യാജ പ്രചരണം തടയണമെന്ന് ആവശ്യപ്പെട്ട് പോലീസിനും ഇവര്‍ പരാതി നല്കി.
ഇതര സംസ്ഥാന തൊഴിലാളികള്‍ വ്യാപകമായ ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നത് കേരളത്തെ അപകീര്‍ത്തിപ്പെടുത്താനും ഇവിടെ നിലനില്‍ക്കുന്ന സൗഹൃദാന്തരീക്ഷം തകര്‍ക്കാനുമുള്ള ഉത്തരേന്ത്യ കേന്ദ്രീകരിച്ച് ബോധപൂര്‍വ്വം നടത്തുന്ന പ്രചാരണമാണെന്നും ഇതിനെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. സത്യത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കേരളത്തില്‍ നല്ല പരിഗണനയാണ് ലഭിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ അവര്‍ക്ക് വേണ്ടി ഒട്ടേറെ ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നു. ചികിത്സാ സഹായവും അപകട ഇന്‍ഷൂറന്‍സും ഇതില്‍പെടും. ഇതര സംസ്ഥാന തൊഴിലാളികള്‍ അപകടത്തില്‍ പെട്ട് മരിച്ച സംഭവങ്ങള്‍ ഉണ്ടായപ്പോള്‍ പ്രത്യേക പരിഗണന നല്‍കിയാണ് സര്‍ക്കാര്‍ അവരുടെ കുടുംബങ്ങളെ സഹായിച്ചത്. ഇതര സംസ്ഥാനത്തുനിന്ന് തൊഴിലെടുക്കാന്‍ വരുന്നവരെ സ്വന്തം സഹോദരന്മാരെപ്പോലെയാണ് മലയാളികള്‍ കാണുന്നത്. ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനവും ഇതര സംസ്ഥാനത്തുനിന്നും വരുന്നവരോട് ഇത്രയും പരിഗണന കാണിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല