സ്വന്തം ലേഖകന്‍: ലോക വിപ്ലവ പ്രസ്ഥാനങ്ങളുടെ ആവേശമായ ‘ചെ’ കൊല്ലപ്പെട്ട് 50 വര്‍ഷം, വിപ്ലവ വീര്യം ചോരാത്ത ചെഗുവേരയുടെ സ്മരണകള്‍ പുതുക്കി ലോകം. അര്‍ജന്റീനയില്‍ ജനിച്ച്, ക്യൂബന്‍ വിപ്ലവത്തില്‍ ഫിദല്‍ കാസ്ട്രോയോടൊപ്പം നിര്‍ണായക പങ്കു വഹിച്ച ചെ ഒടുവില്‍ ബൊളീവിയന്‍ മലനിരകളില്‍ രക്തസാക്ഷിത്വം വരിക്കുകയായിരുന്നു. 1967 ഒക്ടോബര്‍ ഒമ്പതിനാണ് അമേരിക്കന്‍ ചാര സംഘടന പരിശീലിപ്പിച്ച ബൊളീവിയന്‍ പട്ടാളത്തിന്റെ വെടിയേറ്റ് ചെ കൊല്ലപ്പെടുന്നത്.
രക്തസാക്ഷിത്വത്തിന്റെ വാര്‍ഷിക ദിനമായ തിങ്കളാഴ്ച ക്യൂബന്‍ തലസ്ഥാനമായ ഹവാനയില്‍ നടന്ന അനുസ്മരണ റാലിയില്‍ 60,000 ത്തിലധികം ആളുകള്‍ അണിനിരന്നു. രക്തസാക്ഷിത്വത്തോടെ ലോകമെങ്ങും ‘ചെ’ എന്ന പേരില്‍ യുവാക്കളുടെ ആവേശമായ ചെഗുവേരയുടെ വിപ്ലവ സ്മരണ പുതുക്കാന്‍ പതിനായിരങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവിലിറങ്ങി. ‘ശത്രുക്കള്‍ ആഗ്രഹിച്ചതുപോലെ ചെ മരിച്ചിട്ടില്ല. ‘ചെ’യുടെ പ്രതീകം കാലം ചെല്ലുന്തോറും വളര്‍ന്നു വലുതാവുകയാണ്. ആ വിപ്ലവ മാതൃക പുതിയ തലമുറ മനസ്സിലാക്കുന്നു,’ തിങ്കളാഴ്ച ഹവാനയില്‍ നടന്ന പരിപാടിയില്‍ ക്യൂബന്‍ വൈസ് പ്രസിഡന്റ് മിഗ്വേല്‍ ഡിയാസ് കാനല്‍ പറഞ്ഞു.
ഞായറാഴ്ച, ചെ ഗുവേരയുടെ ഓര്‍മക്കായി ഹവാനയില്‍ പണിത മ്യൂസിയത്തില്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോ അഭിവാദ്യം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. ബൊളീവിയയില്‍ പ്രസിഡന്റ് ഇവോ മൊറലിസിന്റെ നേതൃത്വത്തില്‍ മന്ത്രിമാരും പൊതുജനങ്ങളും അടക്കുന്ന സംഘം ചെ കൊല്ലപ്പെട്ട ലാ ഹിഗ്വേറ ഗ്രാമത്തില്‍ തീര്‍ഥാടന റാലി നടത്തി. വെറും നാല്പത് വര്‍ഷം മാത്രം ജീവിച്ചിട്ടും മരണത്തിനിപ്പുറം അര നൂറ്റാണ്ട് പിന്നിട്ടിട്ടും ലോകമെമ്പാടുമുള്ള വിപ്ലവ പോരാളികള്‍ക്ക് ആശയും ആവേശവുമായി തുടരുകയാണ് ഏണസ്റ്റോ ചെ ഗുവേര.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല