സ്വന്തം ലേഖകന്‍: യെമനിലേക്ക് യാത്ര ചെയ്യുന്നതിന് ഇന്ത്യന്‍ പൗരന്മാര്ക്ക് വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്രം, നടപടി ഇന്ത്യക്കാരുടെ ജീവന് ഭീഷണിയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന്. ഫാദര്‍ ടോം ഉഴുന്നാലിനെ രക്ഷപ്പെടുത്തിയതിന് പിന്നാലെയാണ് യെമനിലേക്ക് യാത്ര ചെയ്യുന്നതിന് പൗരന്മാര്ക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത്. ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉപയോഗിച്ചോ യാത്രാരേഖകള്‍ ഉപയോഗിച്ചോ യെമനിലേക്ക് പോകാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട ഉത്തരവില്‍ പറയുന്നു.
ഉത്തരവ് ലംഘിച്ച് യെമിനലേക്ക് പോയാല്‍ നടപടി ഉണ്ടാകുമെന്നും പാസ്പോര്‍ട്ട് റദ്ദാക്കുമെന്നും ഉത്തരവില്‍ മുന്നറിയിപ്പുണ്ട്. റിക്രൂട്ടിങ് ഏജന്‍സികള്‍ക്കും ഉത്തരവ് ബാധകമാണ്. അതേ സമയം നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് വിലക്കില്ല. 2016 മാര്‍ച്ചില്‍ യെമനില്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയ ഫാദര്‍ ടോം ഉഴുന്നാലിനെ സെപ്റ്റംബര്‍ 28ന് മോചിപ്പിച്ചിരുന്നു.
പ്രതികൂല സുരക്ഷാ സാഹചര്യങ്ങളെ മുന്‍നിര്‍ത്തി യെമനിലേക്ക് യാത്ര ചെയ്യരുതെന്ന ഇന്ത്യന്‍ സര്‍ക്കാരിന്റെ മുന്നറിയിപ്പിനെ അവഗണിച്ച് 2015ലാണ് ടോം ഉഴുന്നാലില്‍ യെമനിലേക്ക് പോയത്. സര്‍ക്കാരിന്റെ മുന്നറിയിപ്പുകള്‍ നിലനില്‍ക്കെ തന്നെ വീണ്ടും ഇന്ത്യക്കാര്‍ യെമനിലേക്ക് യാത്ര തുടരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പുതിയ നടപടി. അഭ്യന്തര സംഘര്‍ഷം തുടരുന്ന യെമനില്‍ ഇന്ത്യക്കാര്‍ക്ക് ജീവന് ഭീഷണിയുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല