സ്വന്തം ലേഖകന്‍: പാനമഗേറ്റ് അഴിമതിക്കേസില്‍ മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ മകള്‍ക്കും ഭര്‍ത്താവിനും ജാമ്യം, നവാഷ് ഷെരീഫ് കോടതിയില്‍ ഹാജരായില്ല. നവാസിന്റെ പുത്രി മറിയം നവാസിനും ഭര്‍ത്താവ് റിട്ടയേഡ് ക്യാപ്റ്റന്‍ സഫ്ദറിനും അക്കൗണ്ടബിലിറ്റി കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാവാനായി ഇരുവരും ലണ്ടനില്‍നിന്നു ഞായറാഴ്ചയാണു പാക്കിസ്ഥാനില്‍ എത്തിയത്.
തുടര്‍ന്ന് സഫ്ദറിനെ ഇസ്ലാമാബാദ് എയര്‍പോര്‍ട്ടില്‍ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. പിന്നാലെ മറിയവും കോടതിയില്‍ ഹാജരായി. ഇരുവര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. ഓരോരുത്തരും അഞ്ചു ലക്ഷം രൂപവീതം ജാമ്യത്തുക അടയ്ക്കാന്‍ ജസ്റ്റീസ് മുഹമ്മദ് ബഷീര്‍ നിര്‍ദേശിച്ചു. സഫ്ദറിനോട് കോടതി അനുമതി കൂടാതെ രാജ്യം വിടരുതെന്നു നിര്‍ദേശിച്ചിട്ടുണ്ട്. സഫ്ദറിനെ ജുഡീഷല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്യണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി തള്ളി.
പാനമഗേറ്റ് അഴിമതിക്കേസില്‍ കഴിഞ്ഞ ദിവസം ഹാജരാവേണ്ടിയിരുന്ന നവാസ് ഷരീഫ് കോടതിയില്‍ എത്തിയില്ല. ഭാര്യ കുല്‍സും രോഗബാധിതയായി ലണ്ടനില്‍ ചികിത്സയിലായതിനാല്‍ അദ്ദേഹവും പുത്രന്മാരായ ഹസന്, ഹുസൈന് എന്നിവരും ലണ്ടനിലാണ്. ഒക്ടോബര്‍ പതിമ്മൂന്നിന് നവാസ് ഹാജരായാലും ഇല്ലെങ്കിലും അദ്ദേഹത്തിനും മകള്‍ മറിയം നവാസ്, മറിയത്തിന്റെ ഭര്‍ത്താവ് സഫ്ദര്‍ എന്നിവര്‍ക്കുമെതിരേ കുറ്റം ചുമത്തുമെന്നു കോടതി വ്യക്തമാക്കി. ഹസന്, ഹുസൈന് എന്നിവരുടെ കേസ് പിന്നീടു പരിഗണിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല