സ്വന്തം ലേഖകന്‍: മനുഷ്യന്റെ സ്വഭാവ വിശേഷങ്ങളും സാമ്പത്തിക ശാസ്ത്രവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള പഠനത്തിന് യുഎസ് സാമ്പത്തിക വിദഗ്ദന് റിച്ചാര്‍ഡ് തേലര്‍ക്ക് സാമ്പത്തിക നോബേല്‍ പുരസ്കാരം. പെരുമാറ്റ സാമ്പത്തിക ശാസ്ത്രം (ബിഹേവിയറല്‍ ഇക്കണോമിക്സ്) എന്ന വിഭാഗത്തില്‍ വിദഗ്ധനും അമേരിക്കയിലെ ഷിക്കാഗോ യൂണിവേഴ്സിറ്റിയില്‍ പ്രഫസറുമാണ് 72 കാരനായ റിച്ചാര്‍ഡ് തേലര്‍.
മാനസികാവസ്ഥ, വൈകാരികാവസ്ഥ, സാമൂഹിക ചുറ്റുപാടുകള്‍, സ്വഭാവവിശേഷങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഘടകങ്ങള്‍ സാന്പത്തിക തീരുമാനങ്ങളെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും വിപണിയില്‍ എന്തു പ്രതിഫലനം ഉണ്ടാക്കുന്നുവെന്നുമാണ് പെരുമാറ്റ സാന്പത്തിക ശാസ്ത്രത്തില്‍ പഠിക്കുന്നത്. സാന്പത്തിക ശാസ്ത്രത്തിലെ പ്രധാന ഗവേഷണ മേഖലകളിലൊന്നാണിത്. വ്യക്തിഗത തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സ്വഭാവവിശേഷങ്ങള്‍ക്കുള്ള പങ്കും അവ വിപണിയിലുണ്ടാക്കുന്ന പ്രതിഫലനങ്ങളും വിശദീകരിക്കാന്‍ തേലറുടെ പഠനങ്ങള്‍ക്കു കഴിഞ്ഞതായി സ്വീഡനിലെ നൊബേല്‍ കമ്മിറ്റി വിലയിരുത്തി.
അമേരിക്കയിലെ ന്യൂജഴ്സി സംസ്ഥാനത്തെ ഈസ്റ്റ് ഓറഞ്ചില്‍ ജനിച്ച തേലര്‍ ഷിക്കാഗോ യൂണിവേഴ്സിറ്റിയില്‍ സാന്പത്തികശാസ്ത്രവും പെരുമാറ്റ സാന്പത്തികശാസ്ത്രവും പഠിപ്പിക്കുന്നു. പെരുമാറ്റ സാന്പത്തിക ശാസ്ത്രവുമായി ബന്ധപ്പെട്ട് സിദ്ധാന്തങ്ങള്‍ ആവിഷ്കരിച്ചിട്ടുണ്ട്. ക്വാസി റാഷണല്‍ ഇക്കണോമിക്സ്, ദ വിന്നേഴ്സ് കഴ്സ് തുടങ്ങിയ പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. 11 ലക്ഷം ഡോളറാണ് നൊബേല്‍ സമ്മാനത്തുകയായി ലഭിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല