അലക്സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററില്‍ ക്നാനായ ചാപ്ലയന്‍സിയുടെ തിരുനാള്‍ ഭക്തിനിര്‍ഭരവും പ്രൗഢഗംഭീരമമായി കൊണ്ടാടി. ക്നാനായ സമൂഹത്തിന് യുകെയില്‍ ആദ്യമായി അനുവദിച്ച് കിട്ടിയ ചാപ്ലയന്‍സിയുടെ പരിശുദ്ധ ദൈവമാതാവിന്റെ രണ്ടാമത്തെ തിരുനാള്‍ യുകെയിലെ അങ്ങോളമിങ്ങോളമുള്ള ക്നാനായ സമുദായത്തോട് ചേര്‍ന്ന് ഇതര ക്രൈസ്തവ സമുദായംഗങ്ങളും കൂടിയപ്പോള്‍ അവിസ്മരണീയമായ ഒന്നായി മാറി. തങ്ങളുടെ പാരമ്പര്യവും, തനിമയും കാത്ത് പരിപാലിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്ന സമുദായാംഗങ്ങള്‍ തങ്ങളുടെ ഐക്യവും, പരമ്പരാഗതമായ കീഴ്വഴക്കങ്ങളും പ്രകടിപ്പിച്ച് കൊണ്ട് തിരുനാളിനെ കൂടുതല്‍ ആകര്‍ഷകമാക്കി.
രാവിലെ 10ന് ഗ്രേറ്റ് ബ്രിട്ടന് രൂപതയുടെ വികാരി ജനറാളും ഇടവക വികാരിയുമായ മോണ്‍സിഞ്ഞോര്‍ സജി മലയില്‍ പുത്തന്‍പുരയില്‍ കൊടിയേറ്റിയതോടെ തിരുനാളിന് തുടക്കം കുറിച്ചു. തുടര്‍ന്ന് അഭിവന്ദ്യ പിതാക്കന്മാരെയും വൈദികരേയും മുത്തുക്കുടകളുടേയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ പരമ്പരാഗതമായ നടവിളിയോടെ ദേവാലയത്തിനുള്ളിലേക്ക് വിശ്വാസി സമൂഹം സ്വീകരിച്ചാനയിച്ചു. ഫാ.സജി മലയില്‍ പുത്തന്‍പുരയില്‍ അഭിവന്ദ്യ പിതാക്കന്മാര്ക്കും വൈദികര്‍ക്കും മറ്റെല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചതോടെ ഭക്തിപൂര്‍വ്വമായ പൊന്തിഫിക്കല്‍ ദിവ്യബലി ആരംഭിച്ചു.
വത്തിക്കാന്‍ സ്ഥാനപതി മാര്‍ കുര്യന് വയലുങ്കല്‍ മുഖ്യകാര്‍മികനായിരുന്നു. ഗേറ്റ് ബ്രിട്ടന് രൂപതാ മെത്രാന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സന്ദേശം നല്കി. ക്നാനായ സമുദായംഗങ്ങള്‍ തനിമയിലും ഒരുമയിലും സീറോ മലബാര്‍ സഭയുടെ വളര്‍ച്ചയില്‍ പങ്കുകാരകണമെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ഉദ്ബോധിപ്പിച്ചു. പരിശുദ്ധ കന്യാമറിയത്തിന്റെ അനുഗ്രഹങ്ങളുമായി കൂടുതല്‍ വിശ്വാസത്തില്‍ വളരുവാന്‍ സാധിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഷ്രൂസ്ബറി രൂപതാ വികാരി ജനറാള്‍ ഫാ.മൈക്കള്‍ ഗാനന്, സീറോ മലബാര്‍ ചാപ്ലയിന്‍ റവ.ഡോ.ലോനപ്പന് അറങ്ങാശ്ശേരി, മലങ്കര ചാപ്ലയിന്‍ ഫാ.രഞ്ജിത്ത്, ഫാ.സിറിള്‍ ഇടമന, ഫാ. ഫിലിപ്പ്, ഫാ.ജിനോ അരീക്കാട്ട്, ഫാ.മാത്യു, ഫാ.ഫാന്‍സ പത്തില്‍, ഫാ.സാജു ദേവസ്യ ഉള്‍പ്പെടെ പതിനാലോളം വൈദികര്‍ സഹകാര്‍മ്മികരായിരുന്നു.
ദിവ്യബലിക്ക് ശേഷം നടന്ന ആഘോഷമായ പ്രദക്ഷിണത്തില്‍ മാതാവിന്റെ തിരുസ്വരൂപവും വഹിച്ച് പൊന്നിന് കുരിശ്, വെള്ളിക്കുരിശ്, മുത്തുക്കുടകള്‍, കൊടികള്‍, എന്നിവയുമായി അടുക്കും ചിട്ടയുമായി വിശ്വാസി സമൂഹം അണിനിരന്നു. നഗരവീഥികളിലൂടെ നടന്ന പ്രദക്ഷിണം കാണാന്‍ അനേകമാളുകള്‍ റോഡിനിരുവശവും കൂടി നിന്നിരുന്നു.
മേളക്കൊഴുപ്പേകാന്‍ റിഥം ഓഫ് വാറിംഗ്ടണ്‍, ഐറിഷ് ബാന്റ് എന്നിവയും ഉണ്ടായിരുന്നു. രാവിലെ മുതല്‍ ചെറിയ തോതില്‍ പെയ്തിരുന്ന മഴ പ്രദക്ഷിണ സമയമത്രയും മാറി നിന്നു. പ്രദക്ഷിണം തിരികെ ദേവാലയത്തില്‍ പ്രവേശിച്ച ശേഷം കനത്ത മഴ പെയ്തിറങ്ങി. തുടര്‍ന്ന് ലദീഞ്ഞ് വാഴ് വ് എന്നിവയും സമാപനാശീര്വാദവും ഉണ്ടായിരുന്നു.
കഴുന്ന്, അടിമ വയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരുന്നു.
ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ഫോറം സെന്ററില്‍ പിതാവിന് സ്വീകരണവും, സണ്‍ഡേ സ്കൂള്‍ വാര്‍ഷികവും കലാ സന്ധ്യയും അരങ്ങേറി. ഫാ.സജി പിതാവിനെയും മറ്റ് അതിഥികള്‍ക്കും സ്വാഗതം ആശംസിച്ചു. അഭിവന്ദ്യ കുര്യന് വയലുങ്കല്‍ പിതാവ് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു. ഷ്രൂസ്ബറി മെത്രാന് മാര്‍ക്ക് ഡേവിസിനെ പ്രതിനിധീകരിച്ച് വികാരി ജനറാള്‍ ഫാ.മൈക്കള്‍ ഗാനന് ആശംസകള്‍ നേര്‍ന്നു. യു.കെ.കെ.സി.എ, യുകെകെസിവൈഎല്‍, ഇടവക ട്രസ്റ്റിമാര്‍, സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍, വിമന്‍സ് ഫോറം, തുടങ്ങിയവരെ പ്രതിനിധീകരിച്ച് ബിജു മടക്കക്കുഴി, ജോസി, ബാബു തോട്ടം, ബെന്നി മാവേലി, റെജി മടത്തിലേട്ട്, ജോസ്, സിന്‍ന്റോ, ജോമോള്‍ സന്തോഷ്, സ്റ്റീഫന്‍ ടോം, സാജന് ചാക്കോ, ലിസി ജോര്‍ജ്, ഷാരോണ്‍ ഷാജി, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
തുടര്‍ന്ന് നടന്ന കലാസന്ധ്യയില്‍ സണ്‍ഡേ സ്കൂള്‍ കുട്ടികളുടേയും മാതാപിതാക്കന്മാരുടേയും വിവിധ കലാപരിപാടികള്‍ വേദിയില്‍ നിറഞ്ഞാടി. വെല്‍ക്കം ഡാന്‍സ്, പുരുഷന്മാരുടേയും വനിതകളുടേയും വിവിധ പ്രകടനങ്ങള്‍ കാണികള്‍ക്ക് നല്ലൊരു വിരുന്നായി മാറി. സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പുകളും സമ്മാനങ്ങളും വിതരണം ചെയ്തു. അധ്യാപകര്‍ക്ക് മൊമെന്റോകള്‍ നല്കി ആദരിച്ചു. തുടര്‍ന്ന് റെഡിച്ച് ക്നാനായ കൂടാരയോഗം അവതരിപ്പിച്ച തൊമ്മന്റെ സ്വപ്നങ്ങള്‍ എന്ന നാടകം മികച്ച നിലവാരം പുലര്‍ത്തി.
തിരുനാളിനും കലാസന്ധ്യക്കും ട്രസ്റ്റി മാരായ ജോസ് അത്തിമറ്റം, ജോസ് കുന്നശ്ശേരി, പുന്നൂസ്കുട്ടി ചാക്കോ എന്നിവര്‍ നേതൃത്വം നല്കി. തിരുനാള്‍ വന്പിച്ച വിജയമാക്കുവാന്‍ സഹകരിച്ച സീറോ മലബാര്‍, മലങ്കര, യാക്കോബായ തുടങ്ങിയ എല്ലാ ക്രൈസ്തവ വിഭാഗങ്ങള്‍ക്കും ക്നാനായ ചാപ്ലയന്‍സിക്ക് വേണ്ടി ഫാ.സജി മലയില്‍ പുത്തന്‍ പുരയില്‍ നന്ദി രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല