സ്വന്തം ലേഖകന്‍: ദക്ഷിണ കൊറിയന്‍ സൈനിക രഹസ്യങ്ങള്‍ ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി ആരോപണം, ചോര്‍ന്ന രഹസ്യങ്ങളില്‍ ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്നിനെ വധിക്കാനുള്ള പദ്ധതിയും? ദക്ഷിണ കൊറിയയുടെ യുദ്ധതന്ത്രങ്ങള്‍ ഉള്‍പ്പെടുന്ന സൈനിക രേഖകളും ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിനെ വധിക്കാനുള്ള പദ്ധതിയും ഉത്തര കൊറിയയുടെ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി ആരോപിച്ച് ദക്ഷിണ കൊറിയന്‍ പാര്‍ലമെന്റ് അംഗം റീ ഛിയാള്‍–ഹീ രംഗത്തെത്തി.
പ്രതിരോധ മന്ത്രാലയത്തില്‍നിന്നാണ് ഈ രഹസ്യങ്ങള്‍ ചോര്‍ന്നതെന്നാണ് റീയുടെ ആരോപണം. എന്നാല്‍ ആരോപണത്തോടു പ്രതികരിക്കാന്‍ ദക്ഷിണ കൊറിയന്‍ പ്രതിരോധ മന്ത്രാലയം വിസമ്മതിച്ചു. ദക്ഷിണ കൊറിയ ഭരിക്കുന്ന പാര്‍ട്ടിയുടെ എംപിയും പാര്‍ലമെന്റിന്റെ പ്രതിരോധ കമ്മിറ്റിയംഗവും കൂടിയാണ് റീ. സ്പാര്‍ട്ടന്‍ 300 എന്നാണ് കിം ജോങ് ഉന്‍ ഉള്‍പ്പെടെയുള്ള ഉത്തര കൊറിയന്‍ നേതാക്കളെ വധിക്കാനുള്ള ദക്ഷിണ കൊറിയന്‍ പദ്ധതിയുടെ പേരെന്നും റീയുടെ വെളിപ്പെടുത്തലില്‍ അറയുന്നു.
ഉത്തരവിട്ടാല്‍ 24 മണിക്കൂറിനുള്ളില്‍ നേതാക്കളെ വധിച്ചു തിരിച്ചെത്തുന്ന പ്രത്യേക സേനാ വിഭാഗത്തിന്റെ പദ്ധതിയും ചോര്‍ന്ന രേഖകളില്‍പ്പെടുന്നു. ഉത്തര കൊറിയന്‍ ഹാക്കര്‍മാര്‍ ഈ രേഖകള്‍ ചോര്‍ത്തിയ ശേഷമാണ് അടുത്ത കാലത്തായി കിമ്മിന്റെ പെരുമാറ്റത്തിലും സ്വഭാവരീതിയിലും മാറ്റങ്ങള്‍ വന്നതെന്നാണ് വിലയിരുത്തല്‍. അടിയന്തരമായി കിം അണ്വായുധ വികസനവും ഹൈഡ്രജന്‍ ബോംബ് പരീക്ഷണങ്ങളും നടത്തിയതും യാത്രകളില്‍ കനത്ത സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കാന്‍ തുടങ്ങിയതും ഈ രേഖകള്‍ ലഭിച്ചതിനു ശേഷമാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല