സ്വന്തം ലേഖകന്‍: സ്‌പെയിനില്‍ നിന്ന് കാറ്റലോണിയ സ്വാതന്ത്യ്രം പ്രഖ്യാപിച്ചു, തീരുമാനം സ്‌പെയിന്‍ അംഗീകരിച്ചേ മതിയാകൂ എന്ന് കാറ്റലന്‍ പ്രസിഡന്റ്. കറ്റാലന്‍ പ്രസിഡന്റ് കാര്‍ലെസ് പുഡിമോണ്ട് ആണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. എന്നാല്‍, സ്‌പെയിനുമായുള്ള ചര്‍ച്ചകള്‍ക്കായി സ്വാതന്ത്ര്യ പ്രഖ്യാപനം സസ്‌പെന്‍ഡ് ചെയ്യാന്‍ അദ്ദേഹം പാര്‍ലമെന്റിനോട് അഭ്യര്‍ഥിച്ചു.
ജനഹിതം മാനിച്ചുള്ള പ്രഖ്യാപനമാണിതെന്ന് പ്രസിഡന്റ് കാര്‍ലസ് പുജ്ഡമൊന്‍ വ്യക്തമാക്കി. പ്രഖ്യാപനം സ്‌പെയിന്‍ അംഗീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്‌പെയിനെ വിഭജിക്കരുതെന്നും ഐക്യം നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസവും ലക്ഷങ്ങള്‍ പങ്കെടുത്ത റാലികള്‍ നടന്നിരുന്നു. പുജ്ഡമൊനെ ജയിലില്‍ അടയ്ക്കണമെന്നത് അടക്കമുള്ള മുദ്രാവാക്യങ്ങളാണ് റാലിയില്‍ പങ്കെടുത്തവര്‍ മുഴക്കിയത്.
അതിനു തൊട്ടുപിന്നാലെയാണ് സ്വാതന്ത്ര്യ പ്രഖ്യാപനം. സ്വാതന്ത്ര്യം പ്രഖ്യാപിക്കരുതെന്ന യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്‌കിന്റെ അഭ്യര്‍ഥന തള്ളിയാണു കറ്റാലന്‍ നേതാക്കള്‍ സ്വാതന്ത്ര്യനീക്കം നടത്തിയത്. യൂറോപ്പിന്റെ ഐക്യമാണു വേണ്ടതെന്നും വിഭജനം അംഗീകരിക്കില്ലെന്നുമാണ് യൂറോപ്യന്‍ യൂണിയന്റെ നിലപാട്. വിഭജനത്തെ അംഗീകരിക്കില്ലെന്നു സ്‌പെയിന്‍ വ്യക്തമാക്കിയിട്ടുണ്ട്.
സ്വാതന്ത്ര പ്രഖ്യാപനത്തെ തുടര്‍ന്ന് രാജ്യത്തെ പ്രധാന കേന്ദ്രങ്ങളില്‍ സപെയിന്‍ പോലീസിനെ വിന്യസിച്ചു. വിമാനത്താവളങ്ങളുടെയും പ്രധാന കേന്ദ്രങ്ങളുടെയും നിയന്ത്രണവും സ്‌പെയിന്‍ ഏറ്റെടുത്തു. സാമ്പത്തിക ഉപരോധമടക്കമുള്ള തിരിച്ചടികള്‍ നല്‍കാന്‍ സ്‌പെയിനും യൂറോപ്യന്‍ യൂണിയനും ഒരുങ്ങിയിട്ടുണ്ട്. 80 ലക്ഷത്തോളം ജനങ്ങളുള്ള കാറ്റലോണിയയിലാണ് സ്‌പെയിനിലെ 16 ശതമാനം ജനങ്ങള്‍ താമസിക്കുന്നത്. ബാഴ്‌സലോണയാണ് തലസ്ഥാനം.
സ്വതന്ത്ര രാഷ്ട്രമാകണം എന്ന കാറ്റലോണിയക്കാരുടെ ആവശ്യമാണ് ഹിതപരിശോധനയില്‍വരെ എത്തിയത്. സ്‌പെയിന്‍ സര്‍ക്കാര്‍ വോട്ടെടുപ്പു തടയാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. ഹിതപരിശോധന നിയമ വിരുദ്ധമാണെന്ന് സ്പാനിഷ് ഭരണ ഘടനാ കോടതിയും വിധിച്ചിരുന്നു. എന്നാല്‍ സ്‌പെയിനില്‍നിന്ന് വിട്ടുപോകാന്‍ ആഗ്രഹിക്കുന്നു എന്നാണ് ഹിതപരിശോധനയില്‍ 90 ശതമാനവും വിധിയെഴുതിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല