സ്വന്തം ലേഖകന്‍: കലിഫോര്‍ണിയയുടെ വടക്കന്‍ മേഖലയില്‍ കാട്ടുതീ പടര്‍ന്നു പിടിക്കുന്നു, മരിച്ചവരുടെ എണ്ണം 11 ആയി, നൂറോളം പേരെ കാണാതായതായി റിപ്പോര്‍ട്ട്. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് അധികൃതര്‍ സൂചിന നല്കി. നാപ്പ, സോനോമ, യൂബ കൗണ്ടികളിലെ ഇരുപതിനായിരത്തോളം പേര് പലായനം ചെയ്തു. കൂടുതല്‍പ്പേരെ ഒഴിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാന ഗവര്‍ണര്‍ എഡ്മണ്ട് ജി. ബ്രൗണ്‍ വടക്കന്‍ മേഖലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.
മുന്തിരിതോട്ടങ്ങള്ക്കും വീഞ്ഞുത്പാദന കേന്ദ്രങ്ങള്‍ക്കും പ്രസിദ്ധമായ മേഖലയില്‍ ഞായറാഴ്ച രാത്രിയാണ് തീപിടിത്തം ആരംഭിച്ചത്. എങ്ങനെയാണു തീ കത്തിത്തുടങ്ങിയതെന്ന് വ്യക്തതയില്ല. തെക്കന്‍ കലിഫോര്‍ണിയയില്‍ തീപിടിത്തം സാധാരണമാണ്. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തങ്ങളിലൊന്നാണ് ഇപ്പോള്‍ വടക്കന്‍ മേഖലയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. മേഖലയിലെ വരണ്ട കാലാവസ്ഥയും കാറ്റും തീ അതിവേഗത്തില്‍ കൂടുതല്‍ മേഖലയിലേക്കു പടരാനിടയാക്കി.
15,00 കെട്ടിടങ്ങള്‍ കത്തിനശിച്ചതായാണ് കണക്ക്. വരും ദിവസങ്ങളില്‍ കാലാവസ്ഥയില്‍ മാറ്റം ഉണ്ടാകാന്‍ സാധ്യത ഇല്ലാത്തതിനാല്‍ തീയണയ്ക്കാന്‍ അഗ്നിശമന സേനയ്ക്ക് ഏറെ പണിപ്പെടേണ്ടി വരുമെന്നാണ് സൂചന. ആയിരക്കണക്കിനു വീടുകള്‍ ചാരമാകുമെന്നും ആശങ്കയുണ്ട്. സൊനോമയില് ഏഴും നാപ്പയില്‍ രണ്ടും മെന്ഡോസിനയില് ഒരാളും ചൊവ്വാഴ്ച മരിച്ചതായാണു റിപ്പോര്‍ട്ട്. നിരവധി പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. മുന്തിരിത്തോട്ടങ്ങളില്‍ വിളവെടുപ്പു പൂര്‍ത്തിയായി വരവേയാണ് തീപിടിത്തമുണ്ടായത്. ചില തോട്ടങ്ങളില്‍ കുടുങ്ങിയ തൊഴിലാളികളെ ഹെലികോപ്റ്റര്‍ ഉപയോഗിച്ചു രക്ഷപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല