സ്വന്തം ലേഖകന്‍: കറുപ്പു നിറത്തെ അപമാനിച്ച് ലോഷന്‍ പരസ്യം, ഡോവ് കമ്പനി മാപ്പു പറഞ്ഞു തലയൂരി. ലോഷന്‍ വിറ്റഴിക്കാന്‍ വംശീയതയെ കൂട്ടുപിടിച്ച് വിവാദത്തിലായതിനെ തുടര്‍ന്നാണ് അന്താരാഷ്ട്ര സൗന്ദര്യ വര്‍ദ്ധക ഉല്‍പ്പന്ന നിര്‍മ്മാതാക്കളായ ഡോവ് പരസ്യമായി മാപ്പ് പറഞ്ഞത്. കറുപ്പ് നിറത്തെ താഴ്ത്തിക്കെട്ടുന്ന തരത്തിലുള്ള തങ്ങളുടെ പുതിയ പരസ്യം വഴിയാണ് ഡോവ് അന്തര്‍ദേശീയ തലത്തില്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചത്.
‘കറുപ്പ് നിറത്തെ വെളുപ്പിക്കാന്‍’ എന്ന ലേബലില്‍ ഡോവിന്റെ പുതിയ ലോഷന്‍ സോഷ്യല്‍ മീഡിയകള്‍ വഴി പരിചയപ്പെടുത്തുകയായിരുന്ന കമ്പനി. ജിഫ് ഇമേജായി നല്കിയ പരസ്യത്തെ വിമര്‍ശിച്ച് വൈകാതെ നിരവധി പേര് രംഗത്തെത്തി. കറുത്ത നിറമുള്ള യുവതി ഇരുണ്ട നിറത്തിലുള്ള ടീഷര്‍ട്ട് ഊരിമാറ്റുമ്പോള്‍ വെളുത്ത ടീഷര്‍ട്ട് അണിഞ്ഞ വെളുത്ത യുവതിയായി മാറുന്നതായിരുന്നു ഡോവിന്റെ പരസ്യം.
ഡോവിന്റെ പരസ്യം കറുത്ത നിറത്തെ ആക്ഷേപിക്കുന്നതാണെന്നും ഇത് വംശീയയതയാണെന്നും നിരവധി പേരാണ് പ്രതികരിച്ചത്. പോസ്റ്റ് വിവാദമായ സാഹചര്യത്തില്‍ ഡോവ് ഇത് പിന്‍വലിച്ചെങ്കിലും അമേരിക്കന്‍ മേക്കപ് ആര്‍ട്ടിസ്റ്റായ നവോമി ബ്ലാക്ക് പരസ്യത്തിന്റെ സ്ക്രീന്‍ ഷോട്ട് ഫേസ്ബുക്കില്‍ പങ്കു വച്ചതോടെ കൂടുതല്‍പ്പേര്‍ പരസ്യത്തിനെതിരെ രംഗത്തെത്തി. വിവാദം കൊഴുത്തതോടെ തങ്ങള്‍ ആരെയും ആക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പരസ്യം സ്ത്രീകളുടെ തൊലിനിറത്തെക്കുറിച്ചുള്ള തെറ്റായ ധാരണ പരത്തിയതില്‍ ഖേദിക്കുന്നെന്നും ഡോവ് ട്വീറ്റ് ചെയ്യുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല