സ്വന്തം ലേഖകന്‍: ടെക്സസില്‍ മൂന്നു വയസുകാരിയായ ഇന്ത്യന്‍ ബാലികയെ കാണാതായ സംഭവത്തില്‍ ദുരൂഹതയേറുന്നു, സിസിടിവി ദൃശ്യങ്ങള്‍ അരിച്ചുപെറുക്കി പോലീസ്. ഇന്ത്യയില്‍ നിന്ന് ദത്തെടുത്ത ഷെറിന് മാത്യൂസ് എന്ന മൂന്നു വയസുകാരിയെയാണ് യു.എസിലെ ടെക്സസില്‍ ഒരാഴ്ച മുമ്പ് കാണാതായത്. ഷെറനെ കാണാതായി ഒരു മണിക്കൂര്‍ കഴിഞ്ഞു വീട്ടില്‍ നിന്നു പുറത്തേക്കുപോയ കാറിന്റെ ദൃശ്യങ്ങള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് ശക്തമാക്കി.
തവിട്ടുനിറമുള്ള അക്യൂറ എസ്യുവിയുടെ വിഡിയോ ദൃശ്യങ്ങള്‍ ആര്‍ക്കെങ്കിലും കിട്ടിയിട്ടുണ്ടെങ്കില്‍ അറിയിക്കണമെന്നു പൊലീസ് അഭ്യര്‍ഥിച്ചു. കുഞ്ഞിനെ കാണാതായി ഒരു മണിക്കൂറിനു ശേഷം ആരോ കുടുംബ വാഹനത്തില്‍ പുറത്തു പോയതായും അല്പസമയത്തിനുള്ളില് മടങ്ങി വന്നതായും വീടും പരിസരവും പരിശോധന നടത്തിയ പൊലീസ് കണ്ടേത്തിയിരുന്നു. ഷെറിന്റെ പിതാവിന്റെ മൊഴികളില്‍ അവ്യക്തതയുണ്ടെന്നും പൊലീസ് സൂചന നല്കി.
പാലു കുടിക്കാത്തതിന് ശിക്ഷയായി പുലര്‍ച്ചെ മൂന്നിന് മകളെ പുറത്തു നിര്‍ത്തുകയായിരുന്നെന്നും 15 മിനിറ്റ് കഴിഞ്ഞ് നോക്കിയപ്പോള്‍ അവള് അപ്രത്യക്ഷയായെന്നുമാണ് പിതാവ് വെസ്ലി മാത്യൂസ് നല്കുന്ന വിശദീകരണം. എന്നാല്‍, കുഞ്ഞിനെ കാണാതായതിനു ശേഷവും കാര്യമായ ആശങ്കയൊന്നുമില്ലാതെ പിതാവ് തുണികള്‍ അലക്കിയതായി പൊലീസ് സത്യവാങ്മൂലത്തില്‍ പറയുന്നു. രാവിലെയാണ് കുട്ടിയെ കാണാനില്ലെന്ന വിവരം വെസ്ലി പൊലീസിനെ അറിയിക്കുന്നത്. വീട്ടില്‍നിന്ന് 100 അടി അകലെയുള്ള വേലിക്കടുത്താണ് കുഞ്ഞിനെ നിര്‍ത്തിയത്.
പ്രദേശത്ത് ചെന്നായ്ക്കള്‍ ഉണ്ടാകാറുണ്ട്. കുട്ടിയെ ഉപേക്ഷിച്ചതിനും അപകടത്തിലാക്കിയതിനും അന്നു തന്നെ വെസ്ലി മാത്യൂസിനെ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തില്‍ വിട്ടയച്ചു. ഇയാള്‍ അന്വേഷണ സംഘവുമായി സഹകരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവ സമയത്ത് ഉറങ്ങുകയായിരുന്ന കുഞ്ഞിന്റെ മാതാവിനെതിരെ കേസെടുത്തിട്ടില്ല. എന്നാല്‍, അവരും സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
സൂചനകളെത്തുടര്‍ന്ന് അന്വേഷണസംഘം സമീപത്തെ സെമിത്തേരിയില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഷെറിന് മാത്യൂസിന്റെ മൂത്ത സഹോദരിയെ വീട്ടില്‍നിന്ന് മാറ്റിയിട്ടുണ്ട്. യഥാര്‍ഥ മാതാപിതാക്കള്‍ ഉപേക്ഷിച്ച ഷെറിന് മാത്യൂസിനെ കഴിഞ്ഞ വര്‍ഷമാണ് വെസ്ലി ദത്തെടുത്തത്. കുഞ്ഞിന് ശാരീരിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല