സ്വന്തം ലേഖകന്‍: ഭീകര സംഘടനകളെ നിലക്കു നിര്‍ത്തണമെന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യത്തിന് പാകിസ്താന് വഴങ്ങുന്നു, താലിബാനുമായി ഉന്നതതല ചര്‍ച്ചയ്ക്ക് ശ്രമം. സമാധാന ചര്‍ച്ചയ്ക്കായി ഒരു പ്രത്യേക സംഘത്തിന് രൂപം നല്‍കണമെന്ന സന്ദേശം പാകിസ്ഥാന് ഔദ്യോഗികമായിത്തന്നെ താലിബാന് നേതൃത്വത്തിന് കൈമാറിയതായി താലിബാന്റെ ഒരു മുതിര്‍ന്ന നേതാവിനെ ഉദ്ധരിച്ച് ‘ദ് ഡെയ്ലി ടൈംസ്’ പത്രം റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ താലിബാന് നേതൃത്വം ഇതു സംബന്ധിച്ച് യാതൊരു മറുപടിയും ഇതുവരെ നല്‍കിയിട്ടില്ല. ഇക്കഴിഞ്ഞ മാര്‍ച്ചിലും താലിബാന് നേതാക്കളുമൊത്ത് പാക്കിസ്ഥാന്റെ ഉന്നതതല നേതൃത്വം കൂടിക്കാഴ്ച നടത്തിയിരുന്നു. രാഷ്ട്രീയ ചര്‍ച്ചകളില്‍ പങ്കാളികളാകാനുള്ള പാക്കിസ്ഥാന്റെ ക്ഷണത്തെ അന്ന് താലിബാന് തള്ളുകയായിരുന്നു. തൊട്ടടുത്ത മാസം തന്നെ തങ്ങളുടെ പുതിയ ആക്രമണ രീതിയെപ്പറ്റിയുള്ള വിവരങ്ങള്‍ താലിബാന് പുറത്തുവിടുകയും ചെയ്തു.
അതേസമയം താലിബാന് ഇത്തവണയും ചര്‍ച്ചകള്‍ക്കു തയാറായില്ലെങ്കില്‍ പാക്കിസ്ഥാനു കനത്ത നടപടികളിലേക്കു കടക്കേണ്ടി വരുമെന്നാണു സൂചന. ചില താലിബാന് നേതാക്കള്‍ അറസ്റ്റു ചെയ്യപ്പെടാനും അഫ്ഗാനിസ്ഥാനു കൈമാറാനും ഉള്‍പ്പെടെ സാധ്യതയുണ്ടെന്ന് മുതിര്‍ന്ന നേതാക്കള്‍ പറയുന്നു. മിക്ക താലിബാന് നേതാക്കളും യുഎസ് ഡ്രോണ്‍ ആക്രമണം ശക്തമായതിനെ തുടര്‍ന്ന് അഫ്ഗാനിലേക്കു കടന്നിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല