സ്വന്തം ലേഖകന്‍: ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ 19 മത് പാര്‍ടി കോണ്‍ഗ്രസിന് ബീജിങ്ങില്‍ തുടക്കം, നിര്‍ണായക സാമ്പത്തിക, ഭരണ പരിഷ്ക്കരണങ്ങള്‍ ഉണ്ടാകുമെന്ന് സൂചന. ബുധനാഴ്ച രാവിലെ ഒമ്പതിന് ബീജിങ്ങിലെ ഗ്രേറ്റ് ഹാള്‍ ഓഫ് ദ പീപ്പിളിലാണ് കോണ്‍ഗ്രസിന് തുടക്കമാകുക. 2307 പാര്‍ടി പ്രതിനിധികളും പ്രത്യേക ക്ഷണിതാക്കളുമടക്കം 2354 പേര് യോഗത്തില്‍ പങ്കെടുക്കും. 243 അംഗ പ്രിസീഡിയം സമ്മേളനം നിയന്ത്രിക്കും. 24നാണ് പാര്‍ടി കോണ്‍ഗ്രസ് സമാപിക്കുക.
പാര്‍ടി വക്താവ് ടുവോ ഷെന്‍ വാര്‍ത്താസമ്മേളനത്തില്‍ സമ്മേളനത്തിന്റെ അജന്‍ഡ വിശദീകരിച്ചു. സിപിസി കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ട് അവതരണം, ചര്‍ച്ച, അച്ചടക്ക പരിശോധനയ്ക്കായുള്ള കമീഷന് റിപ്പോര്‍ട്ട് വിലയിരുത്തല്‍, പാര്‍ടി ഭരണഘടനയില്‍ ആവശ്യമായ ഭേദഗതി വരുത്തല്‍, പുതിയ കേന്ദ്രകമ്മിറ്റിയെയും അച്ചടക്ക കമീഷനെയും തെരഞ്ഞെടുക്കല്‍ എന്നിവയാണ് പാര്‍ടി കോണ്‍ഗ്രസിന്റെ പ്രധാന അജന്‍ഡ.
അഞ്ചു വര്‍ഷത്തിലൊരിക്കല്‍ ചേരുന്ന പാര്‍ടി കോണ്‍ഗ്രസ് പുതിയ ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതു കൂടാതെ കേന്ദ്ര കമ്മിറ്റി, പൊളിറ്റ്ബ്യൂറോ, സെന്‍ട്രല്‍ മിലിട്ടറി കമീഷന് എന്നിവയെയും തെരഞ്ഞെടുക്കും. ഉദ്ഘാടന സമ്മേളനം നാഷണല്‍ റോഡിയോ, സെന്‍ട്രല്‍ ടെലിവിഷന്‍, ചൈന റേഡിയോ ഇന്റര്‍നാഷണല്‍ എന്നിവര്‍ തത്സമയം സംപ്രേഷണം ചെയ്യും.
19 ാം പാര്‍ടി കോണ്‍ഗ്രസില്‍ ചൈനയിലെ രാഷ്ട്രീയ ഘടനയിലും മറ്റ് മേഖലയിലും വരുത്തേണ്ട കാലാനുസൃത പരിഷ്കരണങ്ങളെക്കുറിച്ച് ചര്‍ച്ചചെയ്ത് തീരുമാനമെടുക്കുമെന്ന് പാര്‍ടി വക്താവ് പറഞ്ഞു. കഴിഞ്ഞകാലങ്ങളില്‍ കൈവരിച്ച നേട്ടങ്ങളും അനുഭവങ്ങളും വിലയിരുത്തി നിലവില്‍ പരിഹരിക്കേണ്ട വിഷയങ്ങളെ സമ്മേളനം അഭിമുഖീകരിക്കും. ചൈനീസ് സാഹചര്യങ്ങള്‍ക്ക് അനുസൃതമായി സോഷ്യലിസ്റ്റ് ആശയങ്ങളുടെ വികസനവും ഭരണ സംവിധാനം കൂടുതല്‍ ആധുനികമാക്കുന്നതിനെ കുറിച്ചുള്ള ക്രിയാത്മകമായ ചര്‍ച്ചയും നടക്കും.
കാലാനുസൃതമായ പരിഷ്കരണങ്ങളിലൂടെയാണ് ചൈന ചരിത്രപരമായ നേട്ടങ്ങള്‍ കൈവരിച്ചത്. ഇത്തരം പരിഷ്കരണങ്ങള്‍ മറ്റ് മേഖലകളിലേക്കും വ്യാപിപ്പിച്ച് സാമ്പത്തിക, സാമൂഹിക ചുറ്റുപാടുകള്‍ കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ട്. മറ്റ് രാജ്യങ്ങളിലെ രാഷ്ട്രീയ പരിഷ്കരണമാതൃക ചൈന സ്വീകരിക്കില്ലെന്നും പാര്‍ടി വക്താവ് വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല