സ്വന്തം ലേഖകന്‍: അയര്‍ലന്‍ഡിനെ കശക്കിയെറിഞ്ഞ ഒഫീലിയ കൊടുങ്കാറ്റ് ബ്രിട്ടനിലും നാശം വിതക്കുന്നു, വെയില്‍സിലും സമീപ പ്രദേശങ്ങളിലും അതീവ ജാഗ്രതാ മുന്നറിപ്പ്. വെയില്‍സിലും, ഇംഗ്ലണ്ടിന്റെ പടിഞ്ഞാറന്‍ പ്രദേശങ്ങളിലും എത്തിയ കൊടുങ്കാറ്റിന്റെ തീവ്രത കുറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അയര്‍ലണ്ടില്‍ ഉഗ്ര രൂപിയായിരുന്നു ഒഫീലിയ 119 മൈല്‍ വേഗത്തിലാണ് ആഞ്ഞടിച്ചത്. കാന്‍സര്‍ നഴ്‌സടക്കം മൂന്ന് ജീവനുകളാണ് ഒഫീലിയ തട്ടിയെടുക്കുകയും ചെയ്തു.
കാന്‍സര്‍ നഴ്‌സ് ക്ലെയര്‍ ഒ’നീലായിരുന്നു അയര്‍ലന്‍ഡിലെ ഒഫീലിയയുടെ ആദ്യത്തെ ഇര. 70 കാരിയായ അമ്മയുമായി കോ വാട്ട്‌ഫോര്‍ഡില്‍ നിന്നും ആഗ്ലിഷിലേക്ക് യാത്ര ചെയ്യവെ ഒടിഞ്ഞുവീണ വലിയൊരു മരക്കൊമ്പ് കാറിന്റെ വിന്‍ഡ്‌സ്‌ക്രീന്‍ തകര്‍ത്ത് നഴ്‌സിന്റെ നെഞ്ചില്‍ തറക്കുകയായിരുന്നു. ഒ’നീല്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. ആര്‍ 671 ഹൈവേയിലായിരുന്നു അപകടം. പരുക്കേറ്റ അമ്മയെ വാട്ടര്‍ഫോര്‍ഡ് റീജ്യണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മറിഞ്ഞുവീണ മരങ്ങള്‍ നീക്കുന്നതിനിടെയാണ് 31 കാരനായ മൈക്കിള്‍ പൈക്ക് മരിച്ചത്. പ്രദേശത്തെ മറ്റ് മരങ്ങള്‍ അപകടാവസ്ഥയില്‍ ആയിരുന്നതിനാല്‍ ഏറെ നേരമെടുത്താണ് പൈക്കിന് സഹായമെത്തിക്കാന്‍ കഴിഞ്ഞത്. 11 മക്കളില്‍ ഇളയവനായിരുന്നു പൈക്ക്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 33 കാരനായ ഫിന്റ്‌റാന്‍ ഗോസാണ് മരണപ്പെട്ട മൂന്നാമന്‍. ഇദ്ദേഹത്തിന്റെ കാറില്‍ മരം വീണായിരുന്നു അപകടം.
ഒഫീലിയ വീശിയടിച്ചതിനെ തുടര്‍ന്ന് വിമാന സര്‍വീസുകളും റോഡ് ഗതാഗതവും താളംതെറ്റി. ഡബ്ലിനില്‍ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ ഭയാനകമായ രീതിയില്‍ താഴ്ന്നു പറന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍ വിമാനത്താവളങ്ങളിലും വിമാന സര്‍വീസുകള്‍ താളംതെറ്റി. മിക്ക ഹൈവേകളിലും നീണ്ട ഗതാഗത കുരുക്ക് ദൃശ്യമാണ്. ഒഫീലിയ കൊണ്ടുവന്ന ഉഷ്ണ വായുവും പൊടിയും ഇംഗ്ലണ്ടിന്റെ ആകാശം ചുവപ്പ് നിറമാക്കിയതിനാല്‍ നിരവധി വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല