ലോര്‍ഡ്സ്: ടെസ്റ്റ് ചരിത്രത്തിലെ രണ്ടായിരാമത്തെ മത്സരത്തിന്റെ ആവേശച്ചൂടിലേക്ക് ക്ഷണിക്കാതെ അതിഥിയായി മഴ. മഴയും വെളിച്ചക്കുറവും മൂലം ഒന്നാം ദിവസത്തെ കളിനേരത്തെ നിര്‍ത്തുമ്പോള്‍ ഇന്ത്യക്കെതിര ആതിഥേയരായ ഇംഗ്ലണ്ട് രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് എന്നഭേദപ്പെട്ട നിലയില്‍. 58 റണ്‍സോടെ ജൊനാഥന് ട്രോട്ടും 22 റണ്‍സോടെ കെവിന് പീറ്റേഴ്സനുമാണ് ക്രീസില്‍. ഇന്ത്യക്കുവേണ്ടി രണ്ടുവിക്കറ്റും സഹീര്‍ ഖാന് നേടി്. അതേസമയം സഹീറിന് തുടയെല്ലിനു പരിക്കേറ്റത് ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. പരിക്കേറ്റ സഹീര്‍ ടെസ്റ്റില്‍ തുടര്‍ന്നു കളിക്കുമോ എന്നു വ്യക്തമല്ല.
തലേന്നത്തെ മഴ കാരണം നനഞ്ഞ പിച്ചിലെ ഈര്‍പ്പം മുതലെടുക്കാന്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണി ബൗളിംഗ് തിരഞ്ഞെടുത്തു.ഇന്ത്യയ്ക്കായി ബൗളിംഗ് തുടങ്ങിയ സഹീര്‍ഖാനും പ്രവീണ്കുമാറുംക്യാപ്റ്റന്റെ തീരുമാനം ശരിവയ്ക്കും വിധത്തില്‍ പന്തെറിഞ്ഞു. സഹീറെറിഞ്ഞ ആദ്യ രണ്ടോവറിലും റണ്ണൊന്നുമെടുക്കാന്‍ ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ക്ക് കഴിഞ്ഞില്ല. തട്ടിയും മുട്ടിയും മുന്നോട്ട് നീങ്ങിയ ഇംഗ്ലണ്ടിന്റ ആദ്യ വിക്കറ്റ് സഹീര്‍ വീഴ്ത്തി. സഹീറെറിഞ്ഞ 11-ാം ഓവറിലെ അവസാന പന്തില്‍ അലിസ്റ്റര്‍കുക്ക് വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു. 12 റണ്‍സായിരുന്നു ഇംഗ്ലീഷ് ഓപ്പണറുടെ സമ്പാദ്യം. പിന്നീടു ക്രീസിലെത്തിയ ജൊനാഥന് ട്രോട്ട് സ്ട്രോസിനൊപ്പം പിടിച്ചു നിന്നു. ലഞ്ചിനുശേഷം സഹീര്‍ ഒരിക്കല്‍ക്കൂടി ഇന്ത്യക്കായി വിക്കറ്റ് വീഴ്ത്തി. 22 റണ്‍സെടുത്ത ഇംഗ്ലീഷ് ക്യാപ്റ്റന്‍ സ്ട്രോസിനെയാണ് ഇത്തവണ സഹീര്‍ മടക്കിയയച്ചത്. കുത്തിയുയര്‍ന്ന പന്തില്‍ പുള്‍ഷോട്ടിനു ശ്രമിച്ച സ്ട്രോസ് ഫൈന്‍ ലെഗില്‍ ഇഷാന്ത് ശര്മയ്യുടെ കൈകളിലൊതുങ്ങി. ക്യാച്ച് നല്കി.
പിന്നീടു ക്രീസിലൊത്തുചേര്‍ന്ന ട്രോട്ടും കെവിന് പീറ്റേഴ്സനും ഇംഗ്ലണ്ടിനെ കൂടുതല്‍ വിക്കറ്റ് വീഴ്ചയില്‍ നിന്ന് രക്ഷിച്ചു. 58 റണ്‍സോടെ പുറത്താകാതെ നില്ക്കുന്ന ജൊനാഥന് ട്രോട്ടിന്റെ തുടര്‍ച്ചയായ ഏഴാം അര്‍ദ്ദ സെഞ്ചുറിയാണ് ലോര്‍ഡ്സില്‍ പിറന്നത്. ഇന്ത്യന്‍ നിരയില്‍ മലയാളി പേസര്‍ ശ്രീശാന്തിനും യുവരാജ് സിനഗിനും ഇടം കിട്ടിയില്ല. പകരം പ്രവീണ്‍കുമാറും സുരേഷ് റെയ്നയും അന്തിമ ഇലവനില്‍ ഇടം പിടിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല