സ്വന്തം ലേഖകന്‍: അര്‍ഹരായ എല്ലാ പാക് പൗരന്മാര്ക്കും എത്രയും വേഗം മെഡിക്കല്‍ വിസ, ദീപാവലി സമ്മാനവുമായി വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഇന്ത്യയില്‍ ചികിത്സ തേടുന്നതിനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള പാക്ക് പൗരന്മാരില് യോഗ്യരായവര്‍ക്കെല്ലാം എത്രയും വേഗം മെഡിക്കല്‍ വീസ അനുവദിക്കുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് പാക് പൗരന്മാര്ക്കുള്ള ദീപാവലി സമ്മാനമായി വാര്‍ത്ത വിദേശകാര്യ മന്ത്രി പുറത്തുവിട്ടത്.
ഇന്ത്യയില്‍ ചികിത്സയില്‍ കഴിയുന്ന പാക്കിസ്ഥാന് സ്വദേശിയുടെ മകള്‍ക്ക് പിതാവിനെ സന്ദര്‍ശിക്കുന്നതിനും വീസ അനുവദിക്കുമെന്ന് മന്ത്രി ട്വിറ്ററിലൂടെ വ്യക്തമാക്കി. ഡല്‍ഹിയില്‍ ചികിത്സയില്‍ കഴിയുന്ന പാക്ക് പൗരന്റെ മകളായ അമ്ന ഷമീനാണ് ട്വിറ്ററിലൂടെ മന്ത്രി ഇക്കാര്യം ഉറപ്പു നല്‍കിയത്. ഇതിനായി പാക്കിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തെ സമീപിക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു.
ഇന്ത്യയില്‍ ചികിത്സ തേടിയ പാക്കിസ്ഥാന് സ്വദേശിയായ അബ്ദുല്ല എന്ന കുഞ്ഞിന് മെഡിക്കല്‍ വീസ അനുവദിക്കാന്‍ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന് ബുധനാഴ്ച മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു. കുഞ്ഞിന്റെ പിതാവ് കാഷിഫ് ട്വിറ്ററിലൂടെ നടത്തിയ അഭ്യര്‍ഥന മാനിച്ചായിരുന്നു ഇത്. കുഞ്ഞിന്റെ മരുന്ന് തീരാറായെന്നും എത്രയും വേഗം തുടര്‍ ചികിത്സയ്ക്കായി ഇന്ത്യയില്‍ വരാന്‍ അനുവദിക്കണമെന്നുമായിരുന്നു കാഷിഫിന്റെ അപേക്ഷ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല