സ്വന്തം ലേഖകന്‍: ന്യൂസിലന്‍ഡില്‍ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയെന്ന റെക്കോര്‍ഡുമായി ജസീന്ദ ആര്‍ഡേണ്‍ അധികാരത്തിലേക്ക്. ഒന്നര നൂറ്റാണ്ടിനിടെ രാജ്യത്തിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് ലേബര്‍ പാര്‍ട്ടി നേതാവായ ഈ മുപ്പത്തേഴുകാരി. ന്യൂസിലന്‍ഡിന്റെ രാജ്യത്തെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയുമാണ് ജസീന്ദ.
ന്യൂസിലന്‍ഡ് ഫസ്റ്റ് എന്ന തീവ്രദേശീയവാദ പാര്‍ട്ടിയുടെ പിന്തുണയോടു കൂടിയാണ് ജസീന്ദയുടെ മന്ത്രിസഭ നിലനില്ക്കുക. അതിനാല്‍ കുടിയേറ്റക്കാരുടെ സംഖ്യ കുറയ്ക്കുമെന്നും ചില മേഖലകളില്‍ വിദേശ മൂലധനം വിലക്കുമെന്നുമൊക്കെയാണ് ജസീന്ദയുടെ പ്രഖ്യാപിത നിലപാട്. ഇത് കുടിയേറ്റക്കാരില്‍ ആശങ്ക പരത്തുന്നുണ്ട്. ജസീന്ദ പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പായതോടെ ന്യൂസിലന്‍ഡ് ഡോളറിന്റെ മൂല്യം ഇടിഞ്ഞു.
സെപ്റ്റംബര്‍ 23 നു നടന്ന തെരഞ്ഞെടുപ്പില്‍ പത്തു വര്‍ഷം ഭരിച്ച നാഷണല്‍ പാര്‍ട്ടി തകര്‍ന്നിടിഞ്ഞിരുന്നു. രണ്ടാം സ്ഥാനത്തെത്തിയ ലേബര്‍ പാര്‍ട്ടിയുടെ നേതാവ് ആന്‍ഡ്രൂ ലിറ്റിലിനു പകരം ജസീന്ദ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായതോടെ ന്യൂസിലന്‍ഡ് ഫസ്റ്റും ഗ്രീന്‍ പാര്‍ട്ടിയും പിന്തുണയുമായി രംഗത്തെത്തിയതാണ് മന്ത്രിസഭാ രൂപീകരണത്തിന് വഴിതെളിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല