സ്വന്തം ലേഖകന്‍: ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ പേരില്‍ ബ്രിട്ടന് ഇന്ത്യയോട് മാപ്പ് അപേക്ഷിക്കണം, ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇന്ത്യന്‍ വംശജനായ എംപിയുടെ പ്രമേയം. മുതിര്‍ന്ന ലേബര്‍ പാര്‍ട്ടി എംപിയായ വീരേന്ദ്ര ശര്‍മയാണ് 1919 ലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കുരുതി എന്ന പേരിലുള്ള പ്രമേയം ഈ ആഴ്ച ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. വിവിധ കക്ഷികളില്‍പ്പെട്ട എട്ട് ബ്രിട്ടീഷ് എംപിമാര്‍ പ്രമേയത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുമുണ്ട്.
അതിക്രൂരവും പൈശാചികവുമായ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ ഉത്തരവാദിത്തത്തില്‍നിന്ന് ബ്രിട്ടന് കൈകഴുകി രക്ഷപ്പെടാനാകില്ലെന്ന് ഈലിങ് സതാളിനെ പ്രതിനിധീകരിക്കുന്ന എംപിയായ ശര്‍മ പറഞ്ഞു. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അന്ത്യത്തിന്റെ തുടക്കം എന്നാണ് ജാലിയന്‍ വാലാബാഗ് വിശേഷിപ്പിക്കപ്പെട്ടത്. ആ ദിനം വീണ്ടും സ്മരിക്കപ്പെടണം.
പ്രതിനിധിസഭയും ബ്രിട്ടനിലെ പുതിയ തലമുറയും അതീവ ലജ്ജാകരമായ ആ സംഭവത്തെപ്പറ്റി അറിയണമെന്നും സഭ അതില്‍ മാപ്പപേക്ഷിക്കണമെന്നും ശര്‍മ പ്രമേയത്തില്‍ ആവശ്യപ്പെട്ടു. 1919 ല്‍ അമൃത്സറിലെ ജാലിയന്‍ വാലാബാഗില്‍ ഒത്തു ചേര്‍ന്ന നിരായുധരായ സ്വാതന്ത്ര്യ സമര പോരാളികളെ കേണല്‍ ഡയറിന്റെ നേതൃത്വത്തില്‍ ബ്രിട്ടീഷുകാര്‍ കൂട്ടക്കൊല ചെയ്തത് ഇന്ത്യന്‍ സ്വാതന്ത്ര സമരത്തിലെ ചുവന്ന ഏടാണ്.
ഭഗത് സിംഗ് ഉള്‍പ്പെടെയുള്ള യുവാക്കളില്‍ വിപ്ലവത്തിന്റെ അഗ്നി ജ്വലിപ്പിക്കാന്‍ കാരണമായ കൂട്ടക്കൊലയില്‍ ആയിരത്തിലേറെ പേരാണ് കൊല്ലപ്പെട്ടതെന്നാണ് കണക്ക്. ആയിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എന്നാല്‍ ബ്രിട്ടന് എന്നും കൂട്ടക്കൊലയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു മാറുന്ന നയമാണ് സ്വീകരിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല