സ്വന്തം ലേഖകന്‍: മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫും സഹോദരനും രണ്ടു തവണ തന്നെ വധിക്കാന്‍ ശ്രമിച്ചു, വെളിപ്പെടുത്തലുമായി മുന്‍ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി. നവാസ് ഷെരീഫും സഹോദരന്‍ ഷഹബാസ് ഷരീഫും 1990 കളില്‍ അഴിമതിക്കേസില്‍ താന്‍ ജയിലിലായിരുന്ന കാലത്ത് കോടതിയിലേക്കുള്ള യാത്രാ മധ്യേ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടതായി സര്‍ദാരി ആരോപിച്ചു.
എന്നാല്‍ ഭാഗ്യവശാല്‍ പദ്ധതി പൊളിഞ്ഞതായും ഷരീഫുമാരെ ഒരിക്കലും വിശ്വസിക്കാന്‍ കൊള്ളില്ലെന്നും ലഹോറിലെ ബിലാവല്‍ ഹൗസില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കെടുത്ത യോഗത്തില്‍ സര്‍ദാരി പറഞ്ഞു. അവര്‍ തരംപോലെ നിറം മാറും. കുഴപ്പത്തിലാവുമ്പോള്‍ പിന്തുണ തേടുന്ന അവര്‍ അധികാരം കിട്ടിയാല്‍ പക വീട്ടുമെന്നും സര്‍ദാരി ചൂണ്ടിക്കാട്ടി. ബേനസീറിനോടും തന്നോടും അവര്‍ ചെയ്തത് താന്‍ മറന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത തെരഞ്ഞെടുപ്പില്‍ പിപിപി നില മെച്ചപ്പെടുത്തുമെന്നും ഒരു കാരണവശാലും ഷരീഫിന്റെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കില്ലെന്നും സര്‍ദാരി പ്രഖ്യാപിച്ചു. സുപ്രീം കോടതി നവാസ് ഷരീഫിനെ അയോഗ്യനാക്കിയതോടെയാണ് സര്‍ദാരി അദ്ദേഹത്തിനെതിരേ ശക്തമായി രംഗത്തെത്തിയത്. പാക് സൈന്യവുമായി മെച്ചപ്പെട്ട ബന്ധം സ്ഥാപിക്കുകയാണു സര്‍ദാരിയുടെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല