സ്വന്തം ലേഖകന്‍: പ്രാര്‍ഥനകളും കാത്തിരിപ്പും വെറുതെയായി, ടെക്സസില്‍ കാണാതായ മൂന്നു വയസുകാരി ഷെറിന് മാത്യൂസിന്റെ മൃതദേഹം കണ്ടെടുത്തു. ഷെറിന്റെ വീടിന് ഒരു കിലോമീറ്റര്‍ മാറി റോഡിലെ കലുങ്കിനുള്ളിലാണ് കഴിഞ്ഞ ദിവസം പൊലീസ് നായ്ക്കളുടെ സഹായത്തോടെ മൃതദേഹം കണ്ടെത്തിയത്. മരണകാരണവും മറ്റും പരിശോധനയ്ക്കു ശേഷമേ വ്യക്തമാകൂവെന്നു പൊലീസ് പറഞ്ഞു.
മലയാളി ദമ്പതികളുടെ വളര്‍ത്തു മകള്‍ ഷെറിന് മാത്യൂസിന്റേതെന്നു സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയതായും ഷെറിന്റേതാണെന്നു സ്ഥിരീകരിച്ചിട്ടില്ലെന്നും പൊലീസ് അറിയിച്ചു. എന്നാല്‍ മൂന്നു വയസ് തോന്നിക്കുന്ന മൃതദേഹം മറ്റൊരു കുഞ്ഞിന്റേതാകാന്‍ സാധ്യതയില്ലെന്നാണു പൊലീസിന്റെ വിശദീകരണം.
സംഭവവുമായി ബന്ധപ്പെട്ട് മാതാപിതാക്കളായ വെസ്ലി മാത്യൂസിനെയും സിനിയേയും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുകയായിരുന്നു. ടെക്സസ് സംസ്ഥാനത്തെ ഡാലസ് കൗണ്ടി റിച്ചര്‍ഡ്സണ്‍ സിറ്റിയിലെ സ്വന്തം വീടിനു സമീപത്തുനിന്നും ഒക്ടോബര്‍ ഏഴിനാണ് ഷെറിനെ കാണാതായത്. വെസ്ലി മാത്യൂസിനെ അന്ന് തന്നെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍, പിറ്റേദിവസം രാത്രിയോടെ രണ്ടര ലക്ഷം ഡോളര്‍ ജാമ്യത്തില്‍ വിടുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല