സജീഷ് ടോം (യുക്മ പി ആര് ഒ): ലോക പ്രവാസി മലയാളി സമൂഹത്തിനാകെ മാതൃകയും അഭിമാനവുമായ യുക്മ ദേശീയ കലാമേളയ്ക്ക് ഇനി അഞ്ച് ദിവസങ്ങള്‍ കൂടി ബാക്കി. കേരളത്തിന് പുറത്തു ഏറ്റവും കൂടുതല്‍ മലയാളികള്‍ ഒത്തുകൂടുന്ന കലാമത്സര വേദികള്‍ എന്നത് തന്നെയാണ് യുക്മ കലാമേളയുടെ ഏറ്റവും വലിയ സവിശേഷത. സംസ്ഥാന സ്ക്കൂള് യുവജനോത്സവം മാതൃകയില്‍ സംഘടിപ്പിക്കപ്പെടുന്നതുമായ യുക്മ നാഷണല്‍ കലാമേളകള്‍ വിവിധ റീജിയണല്‍ കലാമേലാ വിജയികള്‍ മാറ്റുരക്കുന്ന മലയാണ്മയുടെ ഉത്സവം തന്നെയാണ്.
ഈ വര്‍ഷത്തെ റീജിയണല്‍ കലാമേളകള്‍ ഇന്നലെ നടന്ന നോര്‍ത്ത് ഈസ്റ്റ് റീജിയണല്‍ കലാമേളയോടുകൂടി സമാപിച്ചു കഴിഞ്ഞു. അതോടുകൂടി ഏറ്റവും കൂടുതല്‍ റീജിയണുകളില്‍ കലാമേളകള്‍ സംഘടിപ്പിക്കുവാന്‍ സാധിച്ച വര്‍ഷം എന്ന ഖ്യാതി 2017 ന് സ്വന്തം. ഇനി എല്ലാ കണ്ണുകളും വെസ്റ്റ് ലണ്ടനിലെ ഹെയര്‍ഫീല്‍ഡില്‍ നടക്കുന്ന നാഷണല്‍ കലാമേളയിലേയ്ക്കാണ്. ഒക്റ്റോബര്‍ 28 ശനിയാഴ്ച യുക്സ്ബ്രിഡ്ജ് ഹെയര്‍ഫീല്‍ഡ് അക്കാഡമിയില്‍ യുക്മ ദേശീയ കലാമേള 2017 ന് തിരിതെളിയും.
ബ്രിസ്റ്റോളില്‍ തുടങ്ങുന്നു അശ്വമേധം
2010ല്‍ പ്രഥമ യുക്മ ദേശീയ കലാമേള ബ്രിസ്റ്റോളില്‍ സംഘടിപ്പിക്കപ്പെടുമ്പോള്‍, ഒരു ദേശീയ കലാമേള എത്രമാത്രം പ്രായോഗികമാണ് എന്ന ആശങ്ക പല കോണുകളിലും നിന്ന് ഉയര്‍ന്നിരുന്നു. എന്നാല്‍ യുക്മ നേതൃത്വത്തിന്റെ നിശ്ചയദാര്‍ഡ്യവും റീജണല്‍ കമ്മറ്റികളുടെയും അംഗഅസോസിയേഷനുകളുടെയും കലവറയില്ലാത്ത പിന്തുണയും, കലാമേള വിജയകരമാക്കുവാന്‍ ബ്രിസ്റ്റോളില്‍ എത്തിച്ചേര്‍ന്ന വന്‍ ജനപങ്കാളിത്തവുമാണ് യു.കെ മലയാളികള്‍ക്കായി നാഷണല്‍ കലാമേള സംഘടിപ്പിക്കുകയെന്ന മഹത്തായ ആശയത്തിന് കരുത്തും ആവേശവും പകര്‍ന്നത്. 2010 നവംബര്‍ 13 ശനിയാഴ്ച്ച ബ്രിസ്റ്റോള്‍ സൗത്ത് മെഡിലുള്ള ഗ്രീന്‍ വേ സെന്ററില്‍ ബാത്ത് മലയാളി കമ്മ്യൂണിറ്റിയുടെ ആതിഥേയത്വത്തില്‍ ചരിത്രം സൃഷ്ടിച്ചുകൊണ്ട് പ്രഥമ കലാമേളയ്ക്ക് തിരിതെളിയ്ക്കപ്പെട്ടു. 3 സ്റ്റേജുകളിലായി 300ല്‍ അധികം കലാകാരന്മാരും കലാകാരികളുമാണ് പ്രഥമ യുക്മ കലാമേളയില്‍ മാറ്റുരക്കാനെത്തിയത്. ഈ മഹാമേള യു.കെയുടെ ചരിത്രത്തില്‍ യുക്മക്കു മാത്രം ചെയ്യാന്‍ കഴിഞ്ഞ ഒരു മഹാസംഭവമായി തങ്കലിപികളില്‍ ആലേഖനം ചെയ്യപ്പെട്ട ഒന്നായി മാറി.
ഏറെ പ്രയത്നങ്ങള്‍ക്കൊടുവിലാണ് ബ്രിസ്റ്റോളിലെ വേദിയില്‍ ആദ്യ കലാമേള അരങ്ങേറിയത്. വിവിധ റീജണുകളില്‍ മത്സരിച്ച് വിജയികളാവുന്നവരെ ദേശീയ കലാമേളയില്‍ പങ്കെടുപ്പിക്കുക എന്ന വെല്ലുവിളിയാണ് അന്ന് അണിയറപ്രവര്‍ത്തകര്‍ ഏറ്റെടുത്ത് വിജയിപ്പിച്ചത്. എല്ലാ റീജണുകളിലും നടക്കുന്ന മത്സരങ്ങള്‍ക്ക് അംഗ അസോസിയേഷനുകളുടെ പിന്തുണ ഉണ്ടാവുമോ എന്ന സംശയവും ഉയര്‍ന്നിരുന്നു. എന്നാല്‍ കലാമേളകള്‍ പ്രഖ്യാപിച്ചതോടെ യുകെയിലെങ്ങും ആവേശത്തിന്റെ അലയടികള്‍ ഉയത്തിക്കൊണ്ട് അഭൂതപൂര്‍വമായ പിന്തുണയാണ് വിവിധ റീജണുകളില്‍ നിന്നും ലഭിച്ചത്. ആദ്യമായി നടത്തപ്പെടുന്നതിന്റെ അപാകതകള്‍ പല റീജണുകളിലും സംഭവിച്ചുവെങ്കിലും, വിവിധ റീജിയണുകളിലായി 800ലധികം താരങ്ങള്‍ മാറ്റുരച്ച വേദിയായി മാറിയ റീജണല്‍ കലാമേളകള്‍ യുക്മക്കും യുക്മയെ സ്നേഹിക്കുന്നവര്‍ക്കും ഒരുപോലെ അഭിമാനമായി മാറി. പുതിയൊരു തുടക്കത്തിന്റെ ശംഖൊലി മാത്രമായിരുന്നു റീജണല്‍ കലാമേളകള്‍. യുക്മ നേതൃത്വത്തിന്റെ പ്രതീക്ഷകളെ പോലും കവച്ചു വയ്ക്കുന്ന രീതിയിലാണ് ദേശീയ കലാമേളയിലേയ്ക്ക് ആളുകള്‍ ഒഴികിയെത്തിയത്. സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് റീജിയന് പ്രഥമ യുക്മ ദേശീയ കലാമേള ജേതാക്കളായി.
രണ്ടാം ദേശീയ കലാമേള സൗത്തെന്‍ഡ് ഓണ്സിയില്
ബ്രിസ്റ്റോളില്‍ 2010ല്‍ തുടക്കമിട്ട ദേശീയ കലാമേളയെ യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കലാമാമാങ്കമായി അരക്കിട്ടുറപ്പിച്ചത് സൗത്തെന്റ് ഓണ്‍ സീയില്‍ 2011 നവംബര്‍ 5ന് നടന്ന യുക്മയുടെ രണ്ടാമത് നാഷണല്‍ കലാമേളയാണ്. ആദ്യകലാമേളയ്ക്ക് ശേഷം യുക്മ ദേശീയ കമ്മറ്റി പൊതുജനങ്ങളില്‍ നിന്നും അംഗ?അസോസിയേഷനുകളില്‍ നിന്നും ദേശീയ കലാമേളയുടെ നടത്തിപ്പു ആവശ്യമായ അഭിപ്രായങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ആരാഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ലഭിച്ച നിര്‍ദ്ദേശങ്ങള്‍ ക്രോഡീകരിച്ച് കൃത്യമായ ഗൃഹപാഠം നടത്തിയാണ് രണ്ടാമത് കലാമേളയ്ക്ക് ഒരുങ്ങിയത്. സംഘാടകരുടെ പ്രതീക്ഷയെ കവച്ചുവയ്ക്കുന്ന രീതിയില്‍ ജനപങ്കാളിത്തമുണ്ടായ ആദ്യകലാമേള പിറ്റേന്ന് പുലര്‍ച്ചെയാണ് സമ്മാനദാനവും കഴിഞ്ഞ് അവസാനിച്ചതെങ്കില്‍ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ കൃത്യസമയത്ത് തന്നെ കലാമേള അവസാനിപ്പിച്ച് സൗത്തെന്റ് ഓണ്‍ സീയിലെ രണ്ടാമത് കലാമേള മാതൃകയായി മാറി.
യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയനും സൗത്തെന്‍ഡ് മലയാളി അസോസിയേഷനും ആതിഥ്യമരുളിയ നാഷണല്‍ കലാമേള വെസ്റ്റ്ക്ലിഫ് ബോയ്സ് ആന്‍ഡ് ഗേള്‍സ് സ്കൂളിലെ നാലു വേദികളിലായിട്ടാണ് അരങ്ങേറിയത്. ആദ്യ റീജണല്‍ കലാമേള ഏറ്റെടുത്ത് നടത്തിയ സൗത്തെന്റ് അസോസിയേഷന്റെ മികവ് പരിഗണിച്ചാണ് ദേശീയ കലാമേളയ്ക്ക് വേദിയൊരുക്കുന്നതിന് സൗത്തെന്റിനെ പരിഗണിച്ചത്. പ്രതീക്ഷകള്‍ക്കുമപ്പുറത്ത് മനോഹരമായ വേദിയൊരുക്കി രണ്ടാമത് ദേശീയ കലാമേള ശ്രദ്ധേയമായി. ഇതോടെ യുകെയിലെ മലയാളി സമൂഹത്തിന്റെ ഒത്തൊരുമയുടെ വിജയമായ യുക്മ ദേശീയ കലാമേള അപൂര്‍വ പ്രതിഭകളുടെ അസാധാരണ മികവിന്റെ മാറ്റുരക്കലിനുള്ള വേദിയായും മാറി. തുടര്‍ച്ചയായ രണ്ടാം വട്ടവും സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് റീജിയണ്‍ കരുത്ത് തെളിയിച്ചു ജേതാക്കളായി.
യുക്മയുടെ ജന്മഭൂമിയിലേക്ക് മൂന്നാം കലാമേള
2009ല്‍ യൂണിയന് ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ് എന്ന യുക്മ യുടെ രൂപീകരണത്തിന് ആതിഥ്യമേകിയ മിഡ്ലാന്‍ഡ്സ് റീജിയണ്‍ ദേശീയ കലാമേളയ്ക്ക് വേദിയൊരുക്കുവാന്‍ അവസരം ലഭിച്ചത് 2012ലാണ്. അതിനോടകം തന്നെ സജീവമായി പ്രവര്‍ത്തിക്കുന്ന ഏറ്റവുമധികം അംഗ അസോസിയേഷനുകളുള്ള റീജിയണ്‍ എന്ന നിലയില്‍ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്ലാന്‍ഡ്സ് റീജിയണ്‍ വളര്‍ന്നു കഴിഞ്ഞു. മൂന്നാമത് യുക്മ ദേശീയ കലാമേള’ സ്റ്റോക്ക് ഓണ്‍ ട്രന്റില്‍ അരങ്ങേറിയത് 2012 നവംബര്‍ 24നാണ്. മലയാള സിനിമയിലെ അതികായനായിരുന്ന മഹാനടന് തിലകന്റെ അനുസ്മരണാര്‍ത്ഥം ”തിലകന് നഗര്‍” എന്നു പ്രധാനവേദിയ്ക്ക് നാമകരണം ചെയ്തിരുന്നു. കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തില്‍ തന്റെ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച് കാലയവനികക്കുള്ളില്‍ മറഞ്ഞ മലയാളത്തിന്റെ അനശ്വര കലാകാരനെ ആദരിക്കുക വഴി കലാമേളയുടെ യശസ്സ് ഉയര്‍ന്നുവെന്നതും ശ്രദ്ധേയമാണ്.
സ്ടോക്ക് ഓണ്‍ട്രെന്റിലെ തിലകന് നഗറില്‍ (കോഓപ്പറേറ്റീവ് അക്കാദമി) നടന്ന നാഷണല്‍ കലാമേള ലോകമെമ്പാടും ഉള്ള മലയാളികള്‍ക്ക് ആസ്വദിക്കാന്‍ തക്കവണ്ണം, കലാമേളയുടെ തല്‍സമയ സംപ്രേഷണം ബോം ടി.വി.യുമായി സഹകരിച്ച് നടത്തുവാന്‍ യുക്മക്ക് കഴിഞ്ഞു. കലാമേളയില്‍ പങ്കെടുക്കുന്നവരുടെ കേരളത്തിലും വിദേശങ്ങളിലും ഉള്ള ബന്ധുക്കള്‍ക്കും, യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും അന്നേ ദിവസം കലാമേള നഗറില്‍ എത്തിച്ചേരാന്‍ സാധിക്കാത്തവര്‍ക്കും പരിപാടികള്‍ കാണുന്നതിനുള്ള അവസരമൊരുക്കിയത് ഏറെ പ്രശംസയ്ക്ക് കാരണമായി. ഇത്തരമൊരു സൗകര്യമൊരുക്കുന്ന ലോകത്തെ ആദ്യത്തെ പ്രവാസി മലയാളി സംഘടനയായും യുക്മ മാറി. സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് റീജിയന്റെ ഹാട്രിക് മോഹങ്ങള്‍ തകര്‍ത്തുകൊണ്ട് മിഡ്ലാന്‍ഡ്സ് റീജിയന് ‘ഡെയ്ലി മലയാളം എവര്‍ റോളിങ്ങ്’ ട്രോഫിയില്‍ മുത്തമിട്ടു.
നാളെ: ചരിത്രം ഇവിടെ വഴിമാറുന്നു; ലിവര്‍പൂള്‍ കലാമേള 2013, ലെസ്റ്റര്‍ 2014, ഹണ്ടിങ്ടണ്‍ 2015, വാര്‍വിക് കലാമേള 2016
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല