സ്വന്തം ലേഖകന്‍: സ്വാതന്ത്ര്യ പ്രഖ്യാപനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കറ്റാലന്‍ പാര്‍ലമെന്റ് അടിയന്തിര സമ്മേളനം ചേരുന്നു, കാറ്റലോണിയന്‍ പ്രതിസന്ധി വഴിത്തിരിവിലേക്ക്. മേഖലയുടെ പ്രത്യേക അധികാരം റദ്ദാക്കാന്‍ സ്പെയിന് സര്‍ക്കാര്‍ തീരുമാനമെടുത്ത പശ്ചാത്തലത്തിലാണ് കാറ്റലന്‍ പാര്‍ലമെന്റ് വ്യാഴാഴ്ച അടിയന്തര യോഗം ചേരുന്നത്. ഔദ്യോഗികമായി സ്വാതന്ത്ര്യ പ്രഖ്യാപനം അന്നുണ്ടാകുമെന്നാണ് സൂചന.
പ്രാദേശിക സര്‍ക്കാറുകളെ പിരിച്ചുവിട്ട് ദേശീയ സര്‍ക്കാറിന് നേരിട്ട് ഭരണം നടത്താന്‍ അനുമതി നല്കുന്ന ഭരണഘടനയിലെ 155 ആം വകുപ്പിനെതിരെ നിയമ നടപടിയും യോഗം പരിഗണിക്കും. വെള്ളിയാഴ്ച ചേരുന്ന സ്പാനിഷ് സെനറ്റ് കാറ്റലോണിയയുടെ ഭരണം ഏറ്റെടുക്കുമെന്ന് ഉറപ്പായ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. കാര്‍ലെസ് പുഷെമോണ്‍ നേതൃത്വം നല്കുന്ന കാറ്റലന്‍ പ്രാദേശിക സര്‍ക്കാറിനെ പിരിച്ചുവിട്ട് ദൈനംദിന ഭരണം ദേശീയ മന്ത്രാലയങ്ങള്‍ക്കു കീഴിലാക്കാനാണ് സ്പെയിനിന്റെ തീരുമാനം.
ഇതോടെ പൊലീസ് സംവിധാനവും പൊതു ടെലിവിഷനും കേന്ദ്രത്തിനു കീഴിലേക്കു മാറും. പുഷെമോണ്‍ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്തിയാല്‍ 30 വര്‍ഷം വരെ ജയില്‍ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ചീഫ് പ്രോസിക്യൂട്ടര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രഖ്യാപനം നടത്തിയാല്‍ ഉടന്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുമെന്നും ഭീഷണിയുണ്ട്. ഒക്ടോബര്‍ ഒന്നിന് നടന്ന ഹിതപരിശോധനയില്‍ 90 ശതമാനത്തിലേറെ പേരും സ്വാതന്ത്ര്യത്തെ അനുകൂലിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല