സ്വന്തം ലേഖകന്‍: സംവിധായകന്‍ ഐവി ശശി അന്തരിച്ചു, അന്ത്യം ചെന്നൈയിലെ സ്വവസതിയില്‍. 69 വയസായിരുന്നു. ചെന്നൈ സാലിഗ്രാമത്തില്‍ ഉള്ള വസതിയില്‍ 11 മണിയോടെയായിരുന്നു അന്ത്യം. അസുഖത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഭാര്യ സീമയാണ് മരണ വിവരം അറിയിച്ചത്. മലയാളത്തിനു പുറമെ തമിഴ്, ഹിന്ദി ഭാഷകളിലായി നിരവധി സിനിമകള്‍ സംവിധാനം ചെയ്ത ഐവി ശശി ഒരു കാലത്ത് മലയാളത്തിലെ ഏറ്റവും തിരക്കേറിയ സംവിധായകനായിരുന്നു.
അതിരാത്രം, മൃഗയ, ഇന്‍സ്‌പെക്ടര്‍ ബല്‍റാം, ഇതാ ഇവിടെ വരെ, അവളുടെ രാവുകള്‍, ദേവാസുരം തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം മലയാള സിനിമയിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിയെഴുതി. 2009 ല്‍ പുറത്തിറങ്ങിയ വെള്ളത്തൂവലാണ് ഐ.വി.ശശിയുടെ അവസാന ചിത്രം. മോഹന്‍ലാലിനെ നായകനാക്കി ഒരു ബിഗ് ബജറ്റ് ചിത്രത്തിലൂടെ ശക്തമായ ഒരു തിരിച്ച് വരവിന് തയാറെടുക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണ് അപ്രതീക്ഷിതമായി മരണം അദ്ദേഹത്തെ തേടിയെത്തിയത്.
ഇരുപ്പം വീട് ശശിധരന്‍ എന്ന ഐ.വി.ശശി കോഴിക്കോട് വെസ്റ്റ്ഹില്‍ സ്വദേശിയാണ്. മദ്രാസ് സ്‌കൂള്‍ ഓഫ് ആര്‍ട്‌സില്‍ നിന്ന് ചിത്രകലയില്‍ ഡിപ്ലോമ നേടി കലാ സംവിധായകന്‍ ആയിട്ടായിരുന്നു അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിന്റെ തുടക്കം. 1968 ല്‍ എ.വി.രാജിന്റെ ‘കളിയല്ല കല്യാണം’ എന്ന സിനിമയില്‍ സഹ സംവിധായകനായി തുടങ്ങി 27 മത്തെ വയസ്സില്‍ ‘ഉത്സവം’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായ ഐവി ശശി പിന്നീട് മലയാള സിനിമയിലെ ഹിറ്റ്‌മേക്കറായി മാറി.
പത്മരാജന്‍, എം.ടി.വാസുദേവന്‍ നായര്‍, ടി.ദാമോദരന്‍ എന്നിവരുടെ തിരക്കഥകളില്‍ മികച്ച സിനിമകള്‍ ഒരുക്കിയ ശശി 150 ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും ഏഴ് വീതവും തെലുങ്കില്‍ രണ്ടും സിനിമകള്‍ സംവിധാനം ചെയ്തു. 1982 ല്‍ ആരൂഢത്തിന് ദേശീയോദ്ഗ്രഥനത്തിനുള്ള ദേശീയ പുരസ്‌കാരം, രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം, ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരം, ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള പുരസ്‌കാരം, ആറു തവണ ഫിലിം ഫെയര്‍ പുരസ്‌കാരം, ഫിലിം ഫെയറിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല