സ്വന്തം ലേഖകന്‍: സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് മുഖം രക്ഷിക്കാന്‍ 14 ലക്ഷം കോടി രൂപയുടെ നിക്ഷേപ പദ്ധതികളുമായി കേന്ദ്രം, പ്രധാന നഗരങ്ങളെ ബന്ധിപ്പിച്ചുള്ള ഭാരത്മാല എക്‌സ്പ്രസ് വേ പദ്ധതിയില്‍ കൊച്ചി മുംബൈ പാതയും. കറന്‍സി പിന്‍വലിക്കലും ജിഎസ്ടി നടപ്പാക്കലും സമ്പദ്വ്യവസ്ഥയെ പിന്നോട്ടടിപ്പിച്ച സാഹചര്യത്തിലാണ് മുഖം രക്ഷിക്കാനായി പുതിയ നടപടി. 12 ലക്ഷം കോടിയോളം രൂപയുടെ പദ്ധതിയും റോഡ് നിര്‍മാണ മേഖലയിലാണ്.
റോഡ് നിര്‍മാണ മേഖലയില്‍ രണ്ടു പദ്ധതി പ്രഖ്യാപനമാണുള്ളത്. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 83,677 കിലോമീറ്റര്‍ പുതിയ റോഡ് നിര്‍മാണമാണ് ഇതിലൊന്ന്. 6.92 ലക്ഷം കോടിയാണ് പ്രതീക്ഷിത പദ്ധതിച്ചെലവ്. 14.2 കോടി തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കുമെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, നാഷണല്‍ ഹൈവേസ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്, റോഡ് ഗതാഗത ഹൈവേ മന്ത്രാലയം, സംസ്ഥാന പൊതുമരാമത്ത് വകുപ്പുകള്‍ എന്നിവയ്ക്കാണ് പദ്ധതി നടപ്പാക്കലിന്റെ ഉത്തരവാദിത്തം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ രാജ്യത്തെ പ്രധാനനഗരങ്ങളെ ബന്ധിപ്പിക്കുന്ന ഭാരത്മാല പദ്ധതി ഉള്‍പ്പെടെയുള്ള ഹൈവേ പദ്ധതികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഏഴു ലക്ഷം കോടി രൂപ അനുവദിച്ചു. പദ്ധതിയുടെ ആദ്യഘട്ടമായി 20,000 കിലോമീറ്റര്‍ നീളത്തില്‍ ഹൈവേ നിര്‍മിക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇതുള്‍പ്പെടെ അടുത്ത അഞ്ചുവര്‍ഷത്തിനകം ഏഴു ലക്ഷം കോടി ചെലവില്‍ 80,000 കിലോമീറ്റര്‍ നീളത്തില്‍ ഹൈവേ നിര്‍മിക്കുന്നതിനാണ് കേന്ദ്രം അനുമതി നല്‍കിയത്.
കന്യാകുമാരി–കൊച്ചി–മുംബൈ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹൈവേയും ഭാരത്മാല പദ്ധതിയുടെ ഭാഗമാണ്. ഇതു നിലവില്‍ വരുന്നതോടെ കൊച്ചിയില്‍നിന്നും മുംബൈയിലേക്ക് റോഡുമാര്‍ഗമുള്ള യാത്രയില്‍ അഞ്ചു മണിക്കൂറിന്റെ ലാഭമുണ്ടാകും. മുംബൈ കൊച്ചി – കന്യാകുമാരി പാതയ്ക്കു പുറമെ ബെംഗളൂരു – മംഗളൂരു, ഹൈദരാബാദ് – പനജി, സാംബര്‍പുര്‍ – റാഞ്ചി തുടങ്ങിയ അതിവേഗ പാതകളും പദ്ധതിയിലൂടെ നിലവില്‍ വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല