സ്വന്തം ലേഖകന്‍: ആഗ്രയില്‍ സ്വിസ് ദമ്പതികള്‍ക്ക് ക്രൂര മര്‍ദ്ദനം, സംഭവത്തില്‍ കൗമാരക്കാരുടെ സംഘം പിടിയില്‍. ആഗ്രയ്ക്കടുത്ത് ഫത്തേപൂര്‍ സിക്രിയില്‍ വെച്ച് ഞായറാഴ്ചയാണ് അജ്ഞാതരുടെ കൂട്ടം ചേര്‍ന്നുള്ള ആക്രമണത്തിന് ദമ്പതികള്‍ ഇരയായത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി.
ആശുപത്രിയിലെത്തി ദമ്പതികളെ കണ്ടതിന് ശേഷം ട്വിറ്ററിലൂടെയായിരുന്നു സുഷമയുടെ പ്രതികരണം. പരുക്കേറ്റ ഇവര്‍ ദില്ലിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ എത്രയും പെട്ടെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും വിദേശകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘം ദമ്പതികളെ സന്ദര്‍ശിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സെപ്റ്റംബര്‍ 30 ന് ഇന്ത്യയിലെത്തിയ ഖെന്റിന് ജെറേമി ക്ലര്‍ക്(24), മാരി ഡ്രോസ്(24) എന്നിവര്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ആഗ്രയില്‍ എത്തിയത്. ‘റെയില്‍വ്വെ സ്റ്റേഷന് തൊട്ടേ അവര്‍ പിന്തുടരുന്നുണ്ടായിരുന്നു. തുടര്‍ന്ന് എന്തൊക്കയോ പറഞ്ഞു, ഞങ്ങള്‍ക്കത് മനസ്സിലായില്ല. പിന്നീട് ഞങ്ങളെ തടഞ്ഞുനിര്‍ത്തുകയും മാരിയുമായി സെല്‍ഫി എടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. അവരുടെ ഭാഗത്ത് നിന്ന് മോശം പെരുമാറ്റമാണ് ഉണ്ടായത്,’ ക്ലര്‍ക് പറയുന്നു.
അക്രമത്തില്‍ സ്വിസ് യുവാവിന്റെ കൈ ഒടിക്കുകയും തലയ്ക്കും എല്ലുകള്‍ക്കും പരുക്കേല്പിക്കുകയും ചെയ്തു. പെണ്‍കുട്ടിക്കും പരുക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ മൂന്നു പേര് അറസ്റ്റിലായതായാണ് സൂചന. പ്രായപൂര്‍ത്തിയാകാത്തവരാണ് അറസ്റ്റിലായ പ്രതികളെന്ന് ഡിജിപിയുടെ ഓഫീസ് അറിയിച്ചു. നാലു പേരുടെ സംഘമാണ് കമിതാക്കളെ ആക്രമിച്ചത്. ഒളിവില്‍ പോയിട്ടുള്ള ഒരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല