സജീഷ് ടോം (യുക്മ പിആര്‍ഒ): എട്ടാമത് യുക്മ ദേശീയ കലാമേളയ്ക്ക് ഇന്ന് തിരി തെളിയുന്നു. വെസ്റ്റ് ലണ്ടനിലെ ഹെയര്‍ഫീല്‍ഡ് അക്കാഡമിയില്‍ ബ്രിട്ടീഷ് എം പി ശ്രീ വീരേന്ദ്ര ശര്‍മ്മ കലാമേള ഔപചാരികമായി ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ ഹൈകമ്മീഷന്‍ ഫസ്റ്റ് സെക്രട്ടറി ശ്രീ രാഹുല്‍ നങ്ങേരെ മുഖ്യാതിഥി ആയിരിക്കും. യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് യോഗത്തില്‍ അധ്യക്ഷത വഹിക്കും.
അന്തരിച്ച മലയാളത്തിന്റെ ജനകീയ നടന്‍ ശ്രീ കലാഭവന്‍ മണി യുടെ ബഹുമാനാര്‍ത്ഥം ‘കലാഭവന്‍ മണി നഗര്‍’ എന്ന് നാമകരണ നടത്തിരിക്കുന്ന കലാമേള നഗറില്‍ രാവിലെ ഒന്‍പത് മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും. കൃത്യം പത്തുമണിക്ക് അഞ്ച് വേദികളിലും മത്സരങ്ങള്‍ ആരംഭിക്കും. മത്സരങ്ങളുടെ താള ക്രമത്തിന് യാതൊരു വിധത്തിലുമുള്ള അസൗകര്യങ്ങള്‍ ഉണ്ടാകാത്തവിധം, പന്ത്രണ്ട് മണിക്കാണ് ഹൃസ്വവും പ്രൗഢ ഗംഭീരവുമായ ഉദ്ഘാടനസമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.
യുക്മ കലാമേളയുടെ ചരിത്രത്തില്‍ ആദ്യമായി എട്ട് റീജിയണുകളില്‍ നിന്നുള്ള വിജയികള്‍ മാറ്റുരക്കുന്ന വേദിയായി ഹെയര്‍ഫീല്‍ഡ് അക്കാഡമി മാറുകയാണ്. മത്സര ഇനങ്ങളുടെയും മത്സരാര്‍ത്ഥികളുടെയും എന്നതില്‍ ഉണ്ടായിട്ടുള്ള വര്‍ദ്ധനവ് കണക്കിലെടുത്തു ഈ വര്ഷം ആദ്യമായി അഞ്ച് മത്സര വേദികളാണ് ഒരുക്കിയിരിക്കുന്നത്. യുക്മ സൗത്ത് ഈസ്റ്റ് റീജിയനും അസോസിയേഷന്‍ ഓഫ് സ്ലാവ് മലയാളീസും സംയുക്തമായാണ് എട്ടാമത് ദേശീയ കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്. ദേശീയ ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ്, കലാമേള ചീഫ് കോര്‍ഡിനേറ്റര്‍ ഓസ്റ്റിന്‍ അഗസ്റ്റിന്‍ എന്നിവരുടെ നേതൃത്വത്തില്‍ കലാമേളയുടെ എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു.
2010 ല്‍ ബ്രിസ്റ്റോളില്‍ ആണ് പ്രഥമ യുക്മ ദേശീയ കലാമേള നടക്കുന്നത്. തുടര്‍ന്ന് 2011 ല്‍ സൗത്തെന്‍ഡ് ഓണ്‍സി യിലും, 2012 ല്‍ സ്റ്റോക്ക് ഓണ്‍ട്രെന്‍ഡിലും ദേശീയ കലാമേളകള്‍ നടന്നു. ലിവര്‍പൂള്‍ 2013 കലാമേളയ്ക്ക് ആതിഥേയത്വം വഹിച്ചപ്പോള്‍, യുക്മയുടെ ജന്മഭൂമിയായ ലെസ്റ്റര്‍ 2014 ദേശീയ കലാമേളയ്ക്ക് അരങ്ങൊരുക്കി. 2015 ല്‍ ഹണ്ടിങ്ടണിലും, 2016 ല്‍ വിശ്വമഹാകവി വില്യം ഷേക്‌സ്‌പെയറിന്റെ ജന്മനാടായ വാര്‍വിക്കിലും യുക്മ കലാമേളകള്‍ അരങ്ങേറി.
യുക്മ ദേശീയ കലാമേളയുടെ ചരിത്രത്തില്‍ ഇതുവരെ ഒരു റീജിയണും ഹാട്രിക് വിജയികളാകാന്‍ കഴിഞ്ഞിട്ടില്ല. ആദ്യ രണ്ട് കലാമേളകളില്‍ ‘സൗത്ത് ഈസ്റ്റ് സൗത്ത് വെസ്റ്റ് റീജിയന്‍’ ചാമ്പ്യന്‍പട്ടം നേടിയെങ്കിലും 2013 ല്‍ മിഡ്‌ലാന്‍ഡ്‌സ് റീജിയന്‍ ജേതാക്കളായി. 2014 ലെസ്റ്റര്‍ കലാമേളയില്‍ ഈസ്റ്റ് ആംഗ്ലിയ റീജിയണ്‍ മിഡ്‌ലാന്‍ഡ്‌സിന്റെ ഹാട്രിക് മോഹങ്ങള്‍ തകര്‍ത്തെറിഞ്ഞു. 2015 ലും 2016 ലും ജേതാക്കളായ മിഡ്‌ലാന്‍ഡ്‌സ് റീജിയന്റെ ഹാട്രിക് സ്വപ്‌നങ്ങള്‍ ഇത്തവണ പൂവണിയുമോ എന്നാണ് യു കെ മലയാളികള്‍ ഉറ്റുനോക്കുന്നത്. അതോ 2014 ന്റെ തനിയാവര്‍ത്തനമായി ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ വെന്നിക്കൊടി പാറിക്കുമോ? കരുത്തരായ സൗത്ത് വെസ്റ്റ്, ആതിഥേയരായ സൗത്ത് ഈസ്റ്റ് റീജിയണുകള്‍ക്ക് കിരീട പ്രതീക്ഷ നിലനിര്‍ത്താനാവുമോ? നോര്‍ത്ത് വെസ്റ്റ്, യോര്‍ക്ക് ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയണുകള്‍ അപ്രതീക്ഷിത മുന്നേറ്റങ്ങള്‍കൊണ്ട് ആരെയും ഞെട്ടിച്ചിട്ടുള്ള മുന്‍ ചരിത്രം ആവര്‍ത്തിക്കുമോ? തങ്ങളുടെ കന്നി ദേശീയ കലാമേളയില്‍ നോര്‍ത്ത് ഈസ്റ്റ് റീജിയണ്‍ എന്തെല്ലാം അസ്ത്രങ്ങളാണ് ആവനാഴിയില്‍ കരുതിയിരിക്കുന്നത്?
ആകാംക്ഷയുടെ മണിക്കൂറുകളാകും ഇന്ന് വെസ്റ്റ് ലണ്ടണിലെ ഹെയര്‍ഫീല്‍ഡ് അക്കാഡമിയില്‍. അര്‍ദ്ധരാത്രിയോടെ ഫലപ്രഖ്യാപനങ്ങള്‍ വരുമ്പോള്‍ ആര് 2017 യുക്മ ദേശീയ കലാമേള ജേതാക്കളാകും എന്നറിയാം. 800 ഓളം കലാകാരന്മാരും കലാകാരികളും രാജ്യത്തിന്റെ നാലതിരുകളില്‍നിന്നും ഒരുവര്‍ഷം നീണ്ട തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ ഒരുങ്ങിയെത്തുമ്പോള്‍, ഇത്തവണത്തെ മത്സരങ്ങള്‍ കടുപ്പമേറിയവയാകുമെന്നതില്‍ സംശയം വേണ്ട.
സ്റ്റാര്‍ സിംഗര്‍ 3 ഉദ്ഘാടനവും കലാമേള വേദിയില്‍
കലാമേളകള്‍ കഴിഞ്ഞാല്‍ യുക്മയുടെ ഏറ്റവും ജനപ്രിയ പ്രോഗ്രാം ആയ സ്റ്റാര്‍ സിംഗറിന്റെ മൂന്നാം പരമ്പരയുടെ ഉദ്ഘാടനവും കലാമേള വേദിയില്‍ നടക്കും. സ്റ്റാര്‍സിംഗര്‍ സീസണ്‍ 2 വിജയി അനു ചന്ദ്ര, സ്റ്റാര്‍ സിംഗര്‍ വിധികര്‍ത്താവ് ശ്രീമതി ലോപമുദ്ര എന്നിവരുടെ സാന്നിദ്ധ്യത്തില്‍ യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് ‘ഗര്‍ഷോം ടി വി യുക്മ സ്റ്റാര്‍സിംഗര്‍ 3’ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. സ്റ്റാര്‍സിംഗര്‍ ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സജീഷ് ടോം, പ്രോഗ്രാം പ്രൊഡ്യൂസര്‍ ബിനു ജോര്‍ജ്, മീഡിയ കോര്‍ഡിനേറ്റര്‍ ജോമോന്‍ കുന്നേല്‍, യുക്മ ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. യൂറോപ്പ് മലയാളികളുടെ ഈ ആദ്യ മ്യൂസിക്കല്‍ റിയാലിറ്റി ഷോയിലേക്ക് ഇത്തവണ യു കെ യില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ക്ക് പുറമെ സ്വിറ്റ്‌സര്‍ലന്‍ഡ്, റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍നിന്നുള്ള മത്സരാര്‍ത്ഥികളും ഉള്‍പ്പെടെ 15 ഗായകരാണ് ഒഡിഷനിലൂടെ യോഗ്യത നേടിയിട്ടുള്ളത്. സ്റ്റാര്‍ സിംഗര്‍ ബ്രോഷര്‍ പ്രകാശനവും ചടങ്ങില്‍ നടക്കും.
തത്സമയ സംപ്രേക്ഷണവുമായി ഗര്‍ഷോം ടി വി
യുക്മ ദേശീയ കലാമേളയുടെ മീഡിയ പാര്‍ട്ണര്‍ ആയ ഗര്‍ഷോം ടി വി മേളയുടെ തത്സമയ സംപ്രേക്ഷണത്തിന് ഈ വര്‍ഷം വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. വെല്‍സ് ചാക്കോയുടെ നേതൃത്വത്തില്‍ എച്ച് ഡി നിലവാരത്തിലുള്ള അഞ്ച് ക്യാമറകള്‍ ഉപയോഗിച്ച് രാവിലെ മുതല്‍ അര്‍ദ്ധരാത്രി കഴിയുവോളം തുടര്‍ച്ചയായി നടത്തുന്ന ലൈവ് ടെലികാസ്റ്റ് ലോക പ്രവാസി മലയാളികളുടെ മാധ്യമ ചരിത്രത്തില്‍ തിളക്കമുള്ള ഒരു അദ്ധ്യായം എഴുതി ചേര്‍ക്കും എന്നതില്‍ സംശയമില്ല. ഗര്‍ഷോം ചാനലിലും WWW.GARSHOM.TV എന്ന വെബ്‌സൈറ്റ്‌റിലൂടെയും, കൂടാതെ ഗര്‍ഷോം ടി വി യുടെ യുട്യൂബ്,ഫേസ് ബുക്ക്, ട്വിറ്റര്‍ പേജുകളിലൂടെയും കലാമേള തത്സമയം വീക്ഷിക്കാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല