സി.പി.എമ്മും സി.പി.ഐയും തമ്മില്‍ പുതിയ അഭിപ്രായവ്യത്യാസം ഉടലെടുത്തിരിക്കുന്നത് രാഷ്ട്രീയത്തിലോ അഴിമതിയിലോ അല്ല, മറിച്ച് കാര്ഷികരംഗത്തെച്ചൊല്ലിയാണ്. ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ സ്വീകരിക്കാവുന്നതാണെന്ന് സി.പി.എമ്മും പറ്റില്ലെന്ന് സി.പി.ഐയും വ്യക്തമാക്കിക്കഴിഞ്ഞു. ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ക്കെതിരെ നിലപാടെടുത്തുപോന്ന സി.പി.എമ്മില്‍ പെട്ടെന്നുണ്ടായ മലക്കം മറിച്ചില്‍ ഏവരേയും അത്ഭുതപ്പെടുത്തുന്നുമുണ്ട്. കേരള പഠന കോണ്‍ഗ്രസില്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള തുടക്കമിട്ട സംവാദം ദേശീയതലത്തിലും വിവാദത്തിനു വഴിതുറന്നിരിക്കുകയാണ്.
ജനിതക മാറ്റം വരുത്തിയ വിളകളെ പാടേ എതിര്‍ക്കുന്നത് അന്ധവിശ്വാസമാണെന്നാണു കേരള പഠന കോണ്‍ഗ്രസിലെ ‘ആഗോളവല്കരണ കാലത്തെ കൃഷി’ എന്ന വിഷയത്തെക്കുറിച്ചു നടന്ന സെമിനാറില്‍ കിസാന്‍സഭ ദേശീയ അധ്യക്ഷന്‍ കൂടിയായ എസ്. രാമചന്ദ്രന്‍പിള്ള അഭിപ്രായപ്പെട്ടത്. ഇത്തരം വിളകള്‍ ദോഷമുണ്ടാക്കിയതായി തെളിവില്ലെന്നും അദ്ദേഹം വാദിച്ചു. കേരളത്തില്‍ ബിടി വഴുതനങ്ങ നിരോധിച്ചത് ഇതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ വേണ്ടവിധം പഠിക്കാത്ത സാഹചര്യത്തിലാണ്. കാര്ഷികോല്പാദനം കൂട്ടാന്‍ ജനിതകമാറ്റം വരുത്തിയ വിളകള്‍ കൂടിയേ തീരൂ. ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത്തരം വിളകള്‍ ഉപയോഗിക്കുന്നുണ്ട്. ഇതില്‍ ഭക്ഷ്യവിളകളും പെടും. ഇവ കഴിച്ചിട്ട് ആര്‍ക്കെങ്കിലും കുഴപ്പമുള്ളതായി റിപ്പോര്‍ട്ടില്ലെന്നാണ് എസ്. രാമചന്ദ്രന്‍പിള്ള പറഞ്ഞത്.
ഈ അഭിപ്രായത്തെ അതേ വേദിയില്‍ത്തന്നെ നിശിതമായി ഖണ്ഡിച്ച കേരളത്തിലെ കൃഷി മന്ത്രി മുല്ലക്കര രത്നാകരന്, ഇന്നലെ തന്റെ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു. സംവാദമാകാമെങ്കിലും ആ വിളകള്‍ അനുവദിക്കില്ല എന്നതു കേരള സര്‍ക്കാരിന്റെ തീരുമാനമാണെന്നു മുല്ലക്കര വ്യക്തമാക്കി. ഇവ ഉപയോഗിക്കാനോ പരീക്ഷണങ്ങള്‍ നടത്താനോ അനുവദിക്കില്ലെന്നു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. സര്‍ക്കാര്‍ നിലപാടു പഴയതുപോലെ തുടരുമെന്നും മുല്ലക്കര പറഞ്ഞു. സിപിഐയുടെ വനം മന്ത്രി ബിനോയ് വിശ്വവും പിന്തുണയുമായി രംഗത്തെത്തി. രാമചന്ദ്രന്‍പിള്ളയുടെ പ്രസ്താവന ദൌര്ഭാഗ്യകരമാണെന്നു ബിനോയ് പറഞ്ഞു. മോണ്‍സാന്റോ പോലുള്ള ആഗോള കുത്തകകളാണ് ഇതിന്റെ വ്യാപനത്തിനു വേണ്ടി നിലകൊള്ളുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനിതക മാറ്റം വരുത്തിയ വിത്തുകള്‍ സംബന്ധിച്ച് സിപിഐ പഴയ നിലപാടി ഉറച്ചുനില്‍ക്കുന്നുവെന്നു സംസ്ഥാന സെക്രട്ടറി സി.കെ ചന്ദ്രപ്പനും പറഞ്ഞു. ഇതേക്കുറിച്ച് ഇനിയും ഏറെ പഠനങ്ങള്‍ നടത്തേണ്ടതുണ്ട്. ഇത്തരം വിത്തുകളുടെ ഉപയോഗം ജൈവ വൈവിധ്യത്തെത്തന്നെ തകര്‍ക്കും. ഇത്തരം വിത്തുകള്‍ ഉപയോഗിക്കാറായിട്ടില്ല എന്നതാണ് ഇപ്പോള്‍ പാര്‍ട്ടി നിലപാട്. രാമചന്ദ്രന് പിള്ള പറഞ്ഞത് ഒരു ചര്‍ച്ചയുടെ ഭാഗമായുള്ള അഭിപ്രായമാണ്. അത് വ്യക്തിപരമാണ്. അതേക്കുറിച്ച് ചര്‍ച്ചകള്‍ ആകാം. ഇത് സി.പി.എമ്മും സി.പി.ഐ.യും തമ്മിലുള്ള പ്രശ്നമല്ല. നമ്മുടെ സാഹചര്യത്തില്‍ ജനിതകമാറ്റം വരുത്തിയ വിളകളുടെ ഉപയോഗം പാടില്ല. ജനിതക മാറ്റം വരുത്തിയ റബര്‍ വിത്തുകള്‍ ഉപയോഗിക്കാന്‍ പ്ലാന്‍േറഷന്‍ കോര്പ്പറേഷന് തീരുമാനിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ അതിനെ എതിര്‍ത്തിരുന്നു. ഇതേ അഭിപ്രായം തന്നെയാണ് സി.പി.ഐക്കും ഉള്ളതെന്ന് സി.കെ. ചന്ദ്രപ്പന് പറഞ്ഞു.
സിപിഎം പ്രഖ്യാപനത്തോട് എതിര്‍പ്പു രൂക്ഷമായ പശ്ചാത്തലത്തില്‍, പഠന കോണ്‍ഗ്രസ് വക്താവു കൂടിയായ ധനമന്ത്രി തോമസ് ഐസക് ജനിതക സാങ്കേതികവിദ്യയെ പാടേ തള്ളാനോ, കൊള്ളാനോ ഇല്ലെന്ന നിലയില്‍ പാര്‍ട്ടി നിലപാടു മയപ്പെടുത്തി. ജൈവ സാങ്കേതികവിദ്യ കേരളത്തിന്റെ പ്രധാന വളര്‍ച്ചാ സ്രോതസാണ്. എന്നാല്‍ ആരോഗ്യപ്രശ്നങ്ങള്‍, പരിസ്ഥിതി ആഘാതം, സാങ്കേതികവിദ്യയുടെ ഉടമസ്ഥത തുടങ്ങിയ പ്രശ്നങ്ങള്‍ കണക്കിലെടുത്തു മാത്രമേ ജനിതക മാറ്റം വരുത്തിയ വിത്ത് ഉപയോഗിക്കാന്‍ കഴിയൂ. ജനിതക മാറ്റം വരുത്തിയ വിളകള്‍ ഇവിടെ നിരോധിക്കണമെന്നാവശ്യപ്പെട്ടു കേരളം നേരത്തേ കേന്ദ്രത്തിനു കത്തയച്ചിട്ടുണ്ട്. എന്നാല്‍ പുതിയ അഭിപ്രായങ്ങള്‍ ഉയര്‍ന്നു വരുമ്പോള്‍ അതും പരിശോധിക്കാമെന്നു ഐസക് വിശദീകരിച്ചു. ജനിതകമാറ്റം വരുത്തിയ വിളകള്‍ സംബന്ധിച്ച് ഇപ്പോള്‍ സ്വീകരിച്ചിട്ടുള്ളത് വിമര്‍ശനപരമായ നിലപാടാണെന്ന് ഐസക് പറഞ്ഞു. പക്ഷേ, ഗവേഷണത്തിനു മുന്നില്‍ വാതില്‍ കൊട്ടിയടയ്ക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന് പിള്ള പറഞ്ഞതു സിപിഎമ്മിന്റെ ഔദ്യോഗിക നിലപാട് തന്നെയാണെന്ന് വിലയിരുത്തപ്പെടുന്നു. പട്ടിണിപ്പാവങ്ങളുടെ വിശപ്പു മാറ്റുന്നതിനു പരമ്പരാഗത കൃഷി സമ്പ്രദായങ്ങള്‍ കൊണ്ടു കഴിയില്ലെന്നും വിപ്ളവകരമായ മാറ്റങ്ങളെ സ്വാഗതം ചെയ്യുകയും ഉല്പാദനക്ഷമത വര്‍ധിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുകയും വേണമെന്നും പാര്‍ട്ടി കരുതുന്നുണ്ട്. സിപിഎമ്മിന്റെ കാര്‍ഷിക നിലപാടുകള്‍ രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്കാണു കിസാന്‍ സഭ അധ്യക്ഷന്‍ കൂടിയായ എസ്ആര്‍പിയുടേത്.
വിഷയത്തിലെ ശരിതെറ്റുകളെന്തായാലും പുതിയ പ്രവണതകളെ കണ്ണടച്ച് എതിര്‍ക്കുന്നതില്‍ നിന്നു സിപിഎം മാറുകയാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. . ബിടി വഴുതനങ്ങ വിവാദമായ വേളയില്‍ ഇടതുപക്ഷം അതിന്റെ വ്യാപനത്തെ എതിര്‍ക്കുന്ന സമീപനമാണു സ്വീകരിച്ചത്. അതു തിരുത്തുന്ന പ്രഖ്യാപനം പഠന കോണ്‍ഗ്രസില്‍ ഉണ്ടായപ്പോള്‍ വിയോജിപ്പും ഉയരുകയായിരുന്നു. മോണ്‍സാന്റോ പോലുള്ള ബഹുരാഷ്ട്ര കുത്തകകള്‍ക്കുവേണ്ടിയുള്ള വാദമാണ് ഇതെന്നു മറുഭാഗം കുറ്റപ്പെടുത്തുന്നു.
പാര്‍ടിയുടെ നിലപാട് മാറ്റം പാര്‍ട്ടി തന്നെ നേതൃത്വം നല്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടിനു കടകവിരുദ്ധമായി മാറി എന്നതാണ് ഏറെ ശ്രദ്ധേയം. പാര്ട്ടിനിലപാടിനനുസരിച്ച് സര്‍ക്കാരും നിലപാടു മാറ്റാന്‍ തുനിഞ്ഞാല്‍ സി.പി.ഐയുടെ എതിര്‍പ്പ് അവിടെ വിനയാകും. ബിടി വഴുതനങ്ങ വന്‍ വിവാദമുണ്ടാക്കിയ ഘട്ടത്തില്‍ കേന്ദ്രമന്ത്രി ജയറാം രമേശിനെ നേരില്‍ കണ്ടു കേരള സര്‍ക്കാര്‍ അയച്ച പ്രതിനിധി സംഘം എതിര്‍പ്പു വ്യക്തമാക്കിയതാണ്. ജനിതകമാറ്റം വരുത്തിയ വിളകള്‍ സംസ്ഥാനത്ത് അനുവദിക്കാന്‍ കഴിയില്ലെന്നു ചൂണ്ടിക്കാട്ടി സംസ്ഥാന കൃഷിമന്ത്രി മുല്ലക്കര രത്നാകരന് കേന്ദ്രത്തിനു കത്തയച്ചതിനു പിന്നാലെ പ്രധാനമന്ത്രിക്കു തന്നെ മുഖ്യമന്ത്രിയുടെ കത്തും പോയി. സംസ്ഥാനത്തെ ‘ജനിതകമാറ്റ നിരോധിത സംസ്ഥാനമാക്കി പ്രഖ്യാപിക്കണമെന്നായിരുന്നു കത്തിലെ ആവശ്യം.
ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിന് അവസാന തയാറെടുപ്പുകള്‍ നടത്തുന്ന യുപിഎ സര്‍ക്കാരിനെ സിപിഎമ്മിന്റെ നിലപാട് സന്തോഷിപ്പിക്കുന്നുണ്ട്. ജനിതക സമ്പ്രദായത്തിനെതിരെ ഉയരുന്ന എതിരഭിപ്രായങ്ങള്‍ മറികടക്കാനുള്ള ശ്രമത്തിലാണു സര്‍ക്കാര്‍.
ഇപ്പോഴത്തെ ഉല്പാദനത്തോതു നിലനിര്‍ത്തുന്നതു കൊണ്ടു ഭക്ഷ്യസുരക്ഷാ വാഗ്ദാനം ദീര്‍ഘകാലാടിസ്ഥാനത്തില്‍ പാലിക്കാനാവില്ല. ഉല്പാദനം ഗണ്യമായി വര്‍ധിപ്പിക്കുകയാണു പ്രധാന പ്രതിവിധി. ഇതിനു ജിഎം വിളകള്‍ ഉള്‍പ്പെടെയുള്ള നവീനമാര്ഗങ്ങളെ ആശ്രയിക്കേണ്ടി വരും. പൊതുവിതരണ സമ്പ്രദായം കാര്യക്ഷമമാക്കുന്നതും സംഭരണ സംവിധാനം മെച്ചപ്പെടുത്തുന്നതും മറ്റും അനുബന്ധ നടപടികളേ ആകുന്നുള്ളൂ. കേന്ദ്ര കൃഷി സഹമന്ത്രി കെ.വി.തോമസ് രാമചന്ദ്രന്‍പിള്ളയുടെ പ്രസ്താവനയേയും പാര്‍ട്ടിയുടെ നിലപാടു മാറ്റത്തേയും സ്വാഗതം ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്‍ഡോസള്‍ഫാന്റെ പേരില്‍ കേന്ദ്രത്തിനെതിരെ സിപിഎമ്മും സര്‍ക്കാരും തിരിഞ്ഞ സാഹചര്യത്തിലാണു മറ്റൊരു കാര്‍ഷിക പ്രശ്നത്തില്‍ കേന്ദ്ര കൃഷിമന്ത്രാലയത്തിന് അനുകൂലമായ അഭിപ്രായപ്രകടനം കേരളത്തില്‍ വച്ചുതന്നെ സിപിഎം തുറന്നു പ്രകടിപ്പിച്ചത്. എന്‍ഡോസള്‍ഫാന്‍ അനുഭവത്തെക്കുറിച്ചു മുല്ലക്കര പഠനകോണ്‍ഗ്രസ് വേദിയില്‍ തന്നെ വിവരിക്കുകയും ചെയ്തു.
മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പ്രതികരണമാണു പാര്‍ട്ടി വൃത്തങ്ങളും കാത്തിരിക്കുന്നത്. കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തികച്ചും വൈകാരികമായ നിലപാടാണു വിഎസ് എക്കാലവും പുലര്‍ത്തിവരുന്നത്. ഇത്തരം വിത്തുകളുടെ വ്യാപനത്തിനെതിരെ ശക്തമായ നിലപാട് പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ളയാളാണ് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്. ജനിതകമാറ്റം വരുത്തിയ വിത്തുകളുടെ പരീക്ഷണ കൃഷിപോലും കേരളത്തിലെ കൃഷിസ്ഥലങ്ങളില്‍ അനുവദിക്കില്ലായെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ഇത്തരം വിത്തിനങ്ങള്‍ക്ക് ഒരു പ്രദേശത്ത് കൃഷിചെയ്യുന്നതിന് ആ പ്രദേശം ഉള്‍പ്പെടുന്ന പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളുടെയും സംസ്ഥാന സര്‍ക്കാരിന്റെയും അനുമതി നിര്‍ബന്ധമാക്കുന്ന നിയമ നിര്‍മാണത്തിനും സംസ്ഥാനസര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു. എന്നാല്‍ ഇതൊന്നും പരിഗണിക്കാതെയാണ് എസ്. രാമചന്ദ്രന്‍പിള്ളയുടെ അഭിപ്രായപ്രകദനം. ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ ഉപയോഗിച്ചുള്ള കൃഷിയോടുള്ള പൊതുസമീപനം എന്ന നിലയിലാണ് എസ്. രാമചന്ദ്രന്‍പിള്ള തന്റെ കാഴ്ചപ്പാട് അവതരിപ്പിച്ചതെങ്കിലും ഈ കാര്യത്തില്‍ കേരളത്തിന്റെ പ്രത്യേക സാഹചര്യം എസ്. രാമചന്ദ്രന്‍പിള്ള സ്പര്‍ശിച്ചില്ല. ഇത്തരം വിത്തുകളുടെ ഉപയോഗം മൂലം കേരളത്തിലെ അപൂര്‍വവും അമൂല്യവുമായ ജൈവ വൈവിധ്യ സമ്പത്തിനുണ്ടാകാവുന്ന ഭീഷണി സംബന്ധിച്ച് അദ്ദേഹം മൗനം പാലിക്കുകയും ചെയ്തു.
സി.പി.എമ്മിന്റെ പുതിയ നിലപാട് സ്വതന്ത്രബുദ്ധിജീവികളെയും പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരെയും ഇടത് അനുകൂല നിലപാടുകളുള്ള ശാസ്ത്രപ്രസ്ഥാനങ്ങളെയും ചൊടിപ്പിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രവര്‍ത്തക വന്ദനാശിവയും ശാസ്ത്രസാഹിത്യപരിഷത്ത് പോലെയുള്ള സംഘടനകളും ജനിതകമാറ്റം വരുത്തിയ വിത്തുകളുടെ ഉപയോഗത്തിനെതിരെ രംഗത്തുവന്നുകഴിഞ്ഞു.
പാര്‍ട്ടിയുടെ പുതിയ നിലപാട് മൊണ്‍സാന്റോ പോലുള്ള ബഹുരാഷ്ട്ര കുത്തകകള്‍ക്കു ഹിതകരമായ മാറ്റമാണെന്ന, ശാസ്ത്രലോകത്തു തന്നെ ഉയര്‍ന്ന അഭിപ്രായം സിപിഎം കേള്‍ക്കാന്‍ ഒട്ടും ഇഷ്ടപ്പെടാത്ത ആരോപണമാണ്.
പഴയ നാലാംലോക വിവാദം പോലെ പാര്‍ട്ടിയിലെ താത്വികാചാര്യന്മാര് ചര്‍ച്ച ചെയ്യുന്ന പുതിയ വിഷയമായി ഇതു മാറിയേക്കാം. പക്ഷെ, വിഷയം അല്പം കടുകട്ടിയാണെങ്കിലും സാധാരണക്കാരനേയും കേരളത്തിന്റെ കാര്ഷികസമ്പത്തിനേയും ബാധിക്കുന്ന ഒന്നാണിതെന്ന കാര്യം വിസ്മരിക്കാനുമാകില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല