സ്വന്തം ലേഖകന്‍: അണ്ടര്‍ 17 ലോകകപ്പില്‍ സ്പെയിനിനെ വീഴ്ത്തി കന്നി ലോകകപ്പ് നേട്ടവുമായി ഇംഗ്ലണ്ടിന്റെ യുവതാരങ്ങള്‍, വിജയം രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്ക്. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ പോരാട്ടത്തിലാണ് കരുത്തരായ സ്പെയിനിനെ തകര്‍ത്ത് ഇംഗ്ലണ്ട് കന്നി ലോകകപ്പില്‍ മുത്തമിട്ടത്. തുടരെ രണ്ട് ഗോളുകള്‍ക്ക് പിന്നിലായെങ്കിലും വര്‍ദ്ധിത വീര്യത്തോടെ തിരിച്ചടിച്ചാണ് ഇംഗ്ലീഷ് താരങ്ങള്‍ വിജയം പിടിച്ചു വാങ്ങിയത്.
സെര്‍ജിയോ ഗോമസിന്റെ ഇരട്ട ഗോള്‍ മികവില്‍ പൂജ്യത്തിനെതിരെ രണ്ട് ഗോളിന് മുന്നിട്ടുനിന്ന ശേഷമാണ് സ്പെയിനിന്റെ തകര്‍ച്ച തുടങ്ങിയത്. ആദ്യ പകുതി പിന്നിട്ടപ്പോഴും ഒരു ഗോളിന്റെ ആധിപത്യം സ്പെയിനിന് ഉണ്ടായിരുന്നു. പത്താം മിനുട്ടിലും മുപ്പത്തിയൊന്നാം മിനുട്ടിലും ഇഗ്ലംണ്ടിന്റെ ഗോള്‍വല കുലുങ്ങിയപ്പോള്‍ നാല്‍പ്പത്തി നാലാം മിനുട്ടില്‍ ഇംഗ്ലണ്ട് തിരിച്ചുവരവിന്റെ സൂചന നല്കി ഒരു ഗോള്‍ മടക്കി.
ഇംഗ്ലണ്ടിനായി ഫില്‍ ഫോഡന് ഇരട്ട ഗോള്‍ നേടിയപ്പോള്‍ റയാന് ബ്രൂസ്റ്റര്‍, ഗിബ്സ് വൈറ്റ്, മാര്‍ക്കോ ഗുവേഹി എന്നിവര്‍ ഓരോ ഗോളും നേടി. രണ്ട് ഹാട്രിക് ഉള്‍പ്പെടെ എട്ട് ഗോളുകള്‍ നേടിയ റയാന് ബ്രൂസ്റ്റര്‍ ഗോള്‍ഡണ്‍ ബൂട്ട് സ്വന്തമാക്കി. ഇംഗ്ലണ്ടിന്റെതന്നെ ഫില്‍ ഫോഡനാണ് ഗോള്‍ഡന്‍ ബോള്‍ സ്വന്തമാക്കിയത്. കഴിഞ്ഞ യൂറോ അണ്ടര്‍ 17 ഫൈനലില്‍ സ്പെയിനോട് തോറ്റ ഇംഗ്ലണ്റ്റിന് ഈ വിജയം കണക്കു തീര്‍ക്കലായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല