സ്വന്തം ലേഖകന്‍: ടെക്‌സാസില്‍ കൊല്ലപ്പെട്ട മൂന്നു വയസ്സുകാരി ഷെറിന്റെ മൃതദേഹം വിട്ടുനല്‍കി, ആര്‍ക്കാണെന്ന് വെളിപ്പെടുത്താതെ അധികൃതര്‍, മൃതദേഹം ഇന്ത്യയ്ക്ക് വിട്ടുനല്‍കരുതെന്ന് സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം. ഷെറിന്റെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രിന്‍സസ് ഷെറിന്‍, ലോകത്തിന്റെ മകള്‍, നമ്മുടെ കുട്ടി എന്നിങ്ങനെ നിരവധി ഹാഷ് ടാഗുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
നിയമപരമായി കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് മാത്രമെ ശവസംസ്‌കാര ചടങ്ങുകളെ സംബന്ധിച്ച് തീരുമാനം എടുക്കാന്‍ സാധിക്കുകയുള്ളൂവെന്നാണ് പൊലീസ് നിലപാട്. നിലവിലെ സാഹചര്യത്തില്‍ ഷെറിന്റെ വളര്‍ത്തമ്മ സിനി മാത്യു സംസ്‌കാര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയിട്ടുമുണ്ട്. വെസ്‌ളിയോടൊപ്പം സിനിയും അറസ്റ്റിലാണെങ്കിലും സിനിക്കെതിരെ കേസെടുത്തിട്ടുമില്ല.
കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് വീട്ടില്‍ നിന്നും കാണാതായ കുട്ടിയുടെ മൃതദേഹം ദിവസങ്ങള്‍ക്ക് ശേഷം വീടിനടുത്തെ കലുങ്കില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ അമേരിക്കന്‍ മലയാളിയായ വളര്‍ത്തച്ഛന്‍ വെസ്‌ളി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലുകുടിക്കാത്തതിന് വീടിന് വെളിയില്‍ നിര്‍ത്തിയ കുട്ടിയെ കാണാതായെന്നാണ് ഇയാള്‍ ആദ്യം നല്‍കിയ മൊഴി.
എന്നാല്‍ പിന്നീട് നിര്‍ബന്ധിച്ച് പാലുകുടിപ്പിച്ചപ്പോള്‍ കുട്ടിക്ക് ശ്വാസതടസ്സം നേരിടുകയും മരിച്ചെന്ന് കരുതി ഉപേക്ഷിക്കുകയായിരുന്നു എന്ന് വെസ്‌ളി മൊഴി നല്‍കി. ഇന്ത്യയ്ക്ക് കുട്ടിയുടെ മൃതദേഹം വിട്ടു നല്‍കരുതെന്നും അമേരിക്കയില്‍ തന്നെ സംസ്‌കാര ചടങ്ങുകള്‍ നടത്തണമെന്നും ആവശ്യമുന്നയിച്ച് ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. ബിഹാര്‍ നളന്ദയിലെ മദര്‍ തെരേസാ സേവാ ആശ്രമ അനാഥാലയത്തില്‍ നിന്ന് 2016 ലാണ് വെസ്‌ളിയും ഭാര്യ സിനിയും ഷെറിനെ ദത്തെടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല