സ്വന്തം ലേഖകന്‍: ഇറാന്റെ മിസൈല്‍ പദ്ധതി സ്വയം പ്രതിരോധത്തിന്റെ ഭാഗം, മിസൈല്‍ നിര്‍മാണം തുടരുമെന്നും ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി. മിസൈല്‍ പരീക്ഷണ പദ്ധതികള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ആണവക്കരാറിന് വിരുദ്ധമായാണ് ഇറാന്‍ പ്രവര്‍ത്തിക്കുന്നതെന്ന യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആരോപണത്തിന് മറുപടിയായാണ് റൂഹാനിയുടെ പ്രസ്താവന. ഇറാന്‍ മിസൈലുകള്‍ നിര്‍മിച്ചിട്ടുണ്ട്. അതു തുടരാന്‍ തന്നെയാണ് തീരുമാനം.
ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കുന്നതിനായി ഏതു ഗണത്തില്‍പ്പെടുന്ന ആയുധങ്ങളും ഇറാന്‍ വികസിപ്പിക്കുമെന്നും റൂഹാനി ദുബായിയില്‍ പറഞ്ഞു. ആണവായുധങ്ങള്‍ വഹിക്കാനാകുന്ന മിസൈലുകളുടെ നിര്‍മാണം ഇറാന്റെ ആലോചനയില്‍ പോലുമില്ലെന്നും റൂഹാനി അറിയിച്ചു.
യുഎസ് ജനപ്രതിനിധി സഭയില്‍ ഇറാനെതിരെയുള്ള പുതിയ ഉപരോധങ്ങളിന്‍മേല്‍ വോട്ടെടുപ്പു നടന്നതിനു പിന്നാലെയാണ് ഇറാന്‍ ഭരണാധികാരിയുടെ പ്രതികരണം. മിസൈല്‍ പരീക്ഷണങ്ങളുടെ പേരില്‍ നിലവില്‍ യുഎസ് ഏകപക്ഷീയമായി ഇറാനുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല