സ്വന്തം ലേഖകന്‍: ആഫ്രിക്കന്‍ രാജ്യമായ ഡെമോക്രാറ്റിക് റിപബ്ലിക്ക് ഓഫ് കോംഗോയില്‍ ആയിരക്കണക്കിന് കുട്ടികള്‍ പട്ടിണി മരണത്തിന്റെ വക്കില്‍, ഉടന്‍ സഹായം എത്തിക്കണമെന്ന് ലോകരാജ്യങ്ങളോട് ഐക്യരാഷ്ട്ര സഭ. ഉടന്‍ സഹായം എത്തിച്ചില്ലെങ്കില്‍ ആയിരക്കണക്കിന് കുട്ടികള്‍ പട്ടിണിമൂലം മരിച്ചു വീഴുമെന്നും കോംഗോയിലെ കാസായിലാണ് സ്ഥിതി രൂക്ഷമായിരിക്കുന്നതെന്നും യുഎന്‍ അധികൃതര്‍ പറയുന്നു.
കോംഗൊയ്യിലെ 7.7 ദശലക്ഷം ആളുകള്‍ പോഷകആഹാരക്കുറവിന്റെ പിടിയിലാണെന്നാണ് റിപ്പോര്‍ട്ട്. കസായില്‍ മാത്രം 3.3 ദശലക്ഷം ആളുകള്‍ ദരിദ്ര്യത്തിലാണ്. കോംഗോയില്‍ ഭക്ഷണമെത്തിക്കാന്‍ അടിയന്തരമായി ഫണ്ട് സ്വരൂപിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ആയിരക്കണക്കിന് കുട്ടികള്‍ പട്ടിണിമൂലം മരിച്ചുവീഴുമെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യുഎഫ്പി) എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡേവിഡ് ബീസ്‌ലി പറഞ്ഞു.
ഈ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍വരെ 17.2 ദശലക്ഷം ഡോളറിന്റെ ഭക്ഷണ സഹായമാണ് കസായില്‍ വിതരണം ചെയ്യുന്നത്. എന്നാല്‍ ഇത് ആവശ്യമായതിന്റെ ഒരു ശതമാനം മാത്രമാണെന്നും ഡബ്ല്യുഎഫ്പി പറയുന്നു. കാംവിന സാപു സായുധ ഗ്രൂപ്പും സര്‍ക്കാര്‍ സൈന്യവും തമ്മിലുള്ള രൂക്ഷമായ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് കിഴക്കന്‍ പ്രവിശ്യയില്‍നിന്നും 1.4 ദശലക്ഷം ആളുകള്‍ പലായനം ചെയ്യുകയും 3,300 ഓളം പേര്‍ കൊല്ലപ്പെടുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല