സ്വന്തം ലേഖകന്‍: ഭാര്യയ്ക്കും സഹോദരിക്കുമൊപ്പം ചിരിച്ചു കളിച്ച് സൗന്ദര്യ വര്‍ദ്ധക ഫാക്ടറി സന്ദര്‍ശിക്കാന്‍ കിം ജോംഗ് ഉന്‍, ക്രൂരനായ ഏകാധിപതിയുടെ പുതിയ മുഖമെന്ന് സമൂഹ മാധ്യമങ്ങള്‍. ആണവ, മിസൈല്‍ പരീക്ഷണങ്ങളിലൂടെ പേരില്‍ യുഎസുമായി ഉരസലുകള്‍ തുടരുന്നതിനിടെയാണു സഹോദരി കിം യോ ജോങ്, ഭാര്യ റി സോള്‍ ജു എന്നിവരോടൊപ്പം പ്യോങ്യാങ്ങിലെ കോസ്മറ്റിക്സ് ഫാക്ടറി കിം ജോംഗ് ഉന്‍ സന്ദര്‍ശിച്ചത്.
കിം കുടുംബത്തിലെ ഇത്രയും പേരെ ഒരുമിച്ചു കാണുന്നത് അപൂര്‍വമാണെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഐക്യരാഷ്ട്ര സഭയുടെ കടുത്ത ഉപരോധങ്ങള്‍ നേരിടുന്ന ഉത്തര കൊറിയയ്ക്ക് സൗന്ദര്യവര്‍ധക വസ്തുക്കളൊന്നും ഇറക്കുമതി ചെയ്യാനാകുന്നില്ല. ഇത്തരമൊരു സാഹചര്യത്തില്‍കൂടിയാണ് കിം പോഗ്യാംഗിലെ കോസ്മെറ്റിക് ഫാക്ടറി സന്ദര്‍ശിച്ചതെന്നാണ് സൂചന.
കമ്പനിയുടെ ഉത്പന്നങ്ങള്‍ ലോക നിലവാരത്തിലുള്ളതാണെന്ന് അദ്ദേഹം പ്രശംസിച്ചു. സന്ദര്‍ശനം സര്‍ക്കാര്‍ ടെലിവിഷന്‍ സംപ്രേഷണം ചെയ്തു. കിമ്മിന്റെ പിതാവ് കിം ജോംഗ് ഇല് 14 വര്‍ഷം മുന്‍പ് ഇവിടം സന്ദര്‍ശിച്ചിരുന്നു. ഇരുപത്തിയെട്ടുകാരിയായ കിം യോ ജോങ്ങിനെ അടുത്തിടെ പൊളിറ്റ് ബ്യൂറോയില്‍ ഉള്‍പ്പെടുത്തിയിരുന്നു. മുന്‍ ഗായികയായ റി സോള്‍ ജു കിം ജോങ് ഉന്നിനൊപ്പം നേരത്തേയും പൊതുവേദിയില്‍ എത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല