സ്വന്തം ലേഖകന്‍: കാറ്റലോണിയക്കു മേല്‍ സ്പെയിനിന്റെ ഉരുക്കുമുഷ്ടി മുറുകുന്നു, പുറത്താക്കപ്പെട്ട കറ്റാലന്‍ പ്രസിഡന്റ് കാര്‍ലെസ് പീജ്മോണ്ട് രാജ്യം വിട്ടു, കറ്റാലന്‍ നേതാക്കള്‍ക്കു മേല്‍ ക്രിമിനല്‍ കുറ്റം ചുമത്തുമെന്ന് സ്പെയിന്. കാര്‍ലെസ് പീജ്മോണ്ടും അടുത്ത അനുയായികളും ബെല്‍ജിയത്തിന്റെ തലസ്ഥാനമായ ബ്രസല്‍സില്‍ എത്തിയതായാണ് റിപ്പോര്‍റ്റുകള്‍.
കാറ്റലോണിയയില്‍ പ്രതിഷേധം ആറിത്തണുത്തതോടെ കാര്യമായ എതിര്‍പ്പില്ലാതെ സ്പെയിന് അധികാരം ഏറ്റെടുക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പ്രവിശ്യാ സെക്രട്ടേറിയറ്റില്‍ മാഡ്രിഡില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ എത്തി നിയന്ത്രണം ഏറ്റെടുത്തു. പുതിയ പോലീസ് മേധാവിയും സ്ഥാനമേറ്റു. പീജ്മോണ്ടും കൂട്ടരും സെക്രട്ടേറിയറ്റില്‍ എത്തിയില്ല.
പുറത്താക്കപ്പെട്ട കാറ്റലോണിയ സര്‍ക്കാര്‍ നേതൃത്വത്തിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തുമെന്ന് സ്പാനിഷ് അറ്റോണി ജനറല്‍ ജോസ് മാന്വല്‍ മാസ വ്യക്തമാക്കി. രാജ്യദ്രോഹം, കലാപം സൃഷ്ടിക്കല്‍ തുടങ്ങിയ കടുത്ത കുറ്റങ്ങളാവും ചുമത്തുകയെന്നും അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷം മുതല്‍ 30 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റങ്ങളാണിത്.
പീജ്മോണ്ട് ബെല്‍ജിയത്തില്‍ രാഷ്ട്രീയ അഭയം തേടുമോ എന്നു വ്യക്തമല്ലെങ്കിലും പീജ്മോണ്ടിന്റെ അനുയായികള്‍ ഡിസംബര്‍ 21 ലെ തെരഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിക്കുമെന്ന സൂചന നല്കി. 40 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു സ്പാനിഷ് പ്രവിശ്യ കേന്ദ്രത്തിന്റെ നേരിട്ടുള്ള ഭരണത്തിന് കീഴിലാകുന്നത്. അതിനിടെ, കാറ്റലോണിയ വിഷയത്തില്‍ സ്പെയിനിന്റെ നിലപാടിനൊപ്പമല്ലെന്ന് വ്യക്തമാക്കി ഗ്രീസ് രംഗത്തെത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല