സ്വന്തം ലേഖകന്‍: ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ നൂറു കോടി ഡോളറിന്റെ നിക്ഷേപവുമായി യുഎഇ. നാഷനല്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടില്‍ അബുദാബി ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി (എഡിഐഎ) ആണ് നിക്ഷേപം നടത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി 2015ല്‍ യുഎഇ സന്ദര്‍ശിച്ചപ്പോള്‍ പ്രഖ്യാപിച്ച 7500 കോടി ഡോളറിന്റെ ഇന്ത്യ, യുഎഇ അടിസ്ഥാന സൗകര്യവികസന സംയുക്ത നിധിയുടെ ഭാഗമാണിത്.
ഇന്ത്യയിലെ റോഡ് വികസനത്തിനാകും തുക വിനിയോഗിക്കുക. ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബര്‍ അബുദാബിയില്‍ യുഎഇ വിദേശകാര്യസഹമന്ത്രി അന്‍വര്‍ ഗര്‍ഗാഷുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനമായതെന്ന് യുഎഇ ഇന്ത്യന്‍ സ്ഥാനപതി നവദീപ് സിങ് സൂരി അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തില്‍ മികച്ച പുരോഗതിയുണ്ടെന്ന് സംയുക്ത പ്രസ്താവനയില്‍ മന്ത്രിമാര്‍ അറിയിച്ചു.
പാരമ്പര്യേതര ഊര്‍ജ്ജം, പ്രതിരോധം, തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള തന്ത്രപ്രധാന മേഖലകളിലും ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണമുണ്ടാകും. പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിനു പിന്നാലെ, അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ങ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് ഉള്‍പ്പെടെ ഉന്നത നേതാക്കള്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല