ആദായനികുതി റെയ്ഡില്‍ കണ്ടെത്താന്‍ തന്റെ വീട്ടില്‍ നിധി ഒളിപ്പിച്ചിരിക്കുന്ന അറകളില്ലെന്ന് സൂപ്പര്‍താരം മോഹന്‍ലാല്‍. വീട്ടില്‍ ബയോമെട്രിക് ലോക്കര്‍ വച്ചിരിക്കുന്ന മുറി ഹോം തിയേറ്ററാണെന്നും അല്ലാതെ പത്മനാഭസ്വാമി ക്ഷേത്രത്തിലേതുപോലുള്ള നിധി അറകളല്ലെന്നും ലാല്‍ പറഞ്ഞു.
വെള്ളിയാഴ്ച തന്റെയും മമ്മൂട്ടിയുടെയും വീടുകളിലും സ്ഥാപനങ്ങളിലും നടന്ന ആദായനികുതി റെയ്ഡിന്റെയും ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകളുടെയും പശ്ചാത്തലത്തിലായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.
എന്റെ പുരാവസ്തു ശേഖരത്തെക്കുറിച്ച് കേരളത്തിലെ മുഴുവന്‍ മാദ്ധ്യമങ്ങളും പലപ്പോഴായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു സിനിമയുടെ ലൊക്കേഷനില്‍ ഞാന്‍ കാണുന്നവയില്‍ ഇഷ്ടപ്പെടുന്നവ സ്വന്തമാക്കുന്നത് തുടക്കം മുതല്‍ എന്റെ ശീലമാണെന്ന് എന്റെ സിനിമയില്‍ വര്‍ക്ക് ചെയ്തിട്ടുള്ള ലൈറ്റ് ബോയി അടക്കമുള്ളവര്‍ക്ക് അറിയാം. അതൊരു അപരാധമായി ഞാന്‍ കരുതുന്നില്ല.
എനിക്ക് അടുത്തദിവസങ്ങളിലൊന്നും കേരളത്തില്‍ എത്താന്‍ സാധിക്കില്ല. കേരളത്തില്‍ വന്ന് ജനങ്ങളോട് എല്ലാം തുറന്നുപറയാന്‍ സന്നദ്ധനാണ്. മുപ്പതുകൊല്ലമായി എന്റെ വീട്ടുകാരെക്കാള്‍ എന്നെ സ്നേഹിക്കുന്നത് മലയാളികളാണ്.
ചില ശത്രുക്കള്‍ പാത്തും പതുങ്ങിയും ആക്രമിക്കാന്‍ ശ്രമിക്കാറുണ്ട്. അത് കേരള ജനത മുഖവിലയ്ക്ക് എടുക്കില്ലെന്ന് എനിക്കറിയാം. എനിക്കെതിരെ എടുത്തുചാടി പ്രതികരിച്ച ആളെ ജനങ്ങള്‍ മനസിലാക്കും- ലാല്‍ പറഞ്ഞു.
അതേസമയം, മോഹന്‍ലാലിനെതിരെ കിട്ടിയ പരാതിയില്‍ കഴമ്പില്ലെന്ന് തെളിഞ്ഞാല്‍ ശക്തമായി പ്രതികരിക്കുമെന്ന് ആള് കേരള മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന് സെക്രട്ടറി വിമല്‍കുമാര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല