സ്വന്തം ലേഖകന്‍: യുഎസിലെ ഡാലസില്‍ മലയാളി ദമ്പതികളുടെ കൊല്ലപ്പെട്ട മൂന്നു വയസുകാരി വളര്‍ത്തു മകള്‍ ഷെറിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി, ശവസംസ്‌ക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ വളര്‍ത്തമ്മയും. കുടുംബത്തിന്റെ അഭ്യര്‍ഥന മാനിച്ചു ഷെറിനെ അടക്കം ചെയ്ത സ്ഥലത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അതേസമയം, ഷെറിന്റെ വളര്‍ത്തമ്മ സിനിയും ഉറ്റബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തതായി അഭിഭാഷകര്‍ അറിയിച്ചു.
മാധ്യമ പ്രവര്‍ത്തകരെ ഒഴിച്ചുനിര്‍ത്തി തീര്‍ത്തും സ്വകാര്യമായായിരുന്നു മലയാളി ദമ്പതികളുടെ ദത്തുപുത്രിയുടെ സംസ്‌കാര ചടങ്ങ് നടത്തിയത്. മതപരമായ വിശ്വാസത്തിന്റെയും സംസ്‌കാരത്തിന്റെയും അടിസ്ഥാനത്തിലാണ് കുട്ടിയുടെ സംസ്‌കാരം നടത്തിയതെന്ന് കുടുംബ അഭിഭാഷകര്‍ പറഞ്ഞു. ഒക്‌ടോബര്‍ ഏഴിന് പുലര്‍ച്ച മൂന്നു മണിക്ക് വീടിന് സമീപത്തു നിന്നാണ് ഷെറിന്‍ മാത്യൂസിനെ കാണാതായത്. ഒരാഴ്ചക്കു ശേഷം വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള കലുങ്കിനടിയില്‍ നിന്ന് പൊലീസ് മൃതദേഹം കണ്ടെത്തി.
പാലു കുടിക്കാത്തതിനാല്‍ വെളുപ്പിന് മൂന്ന് മണിക്ക് പുറത്തു നിര്‍ത്തിയ കുട്ടിയെ കാണാതാവുകയായിരുന്നു എന്നാണ് വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസ് ആദ്യം നല്‍കിയ മൊഴി. എന്നാല്‍, നിര്‍ബന്ധിച്ച് പാല്‍ കുടിപ്പിച്ചപ്പോള്‍ മരണപ്പെടുകയും പിന്നീട് കലുങ്കില്‍ ഉപേക്ഷിക്കുകയുമായിരുന്നു എന്ന് വെസ്‌ലി പിന്നീട് മൊഴി നല്‍കി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറിയെങ്കിലും പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എറണാകുളം സ്വദേശികളായ വെസ്‌ലി മാത്യൂസും ഭാര്യ സിനി മാത്യൂസും രണ്ടു വര്‍ഷം മുമ്പ് ബിഹാറിലെ അനാഥാലയത്തില്‍ നിന്നാണ് ഷെറിനെ ദത്തെടുത്തത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല