സ്വന്തം ലേഖകന്‍: മസൂദ് അസ്ഹറിനെ ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള യുഎന്‍ നീക്കത്തിന് തടയിട്ട് ചൈന. മസൂദ് അസ്ഹറിനെ ആഗോള ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള യുഎന്‍ നീക്കത്തിനാണ് ചൈന വീറ്റോ അധികാരം ഉപയോഗിച്ച് തടയിട്ടത്. ജയ്‌ഷെ മുഹമ്മദ് മേധാവി മസൂദ് അസ്ഹറിനെ കരിമ്പട്ടികയില്‍പ്പെടുത്താന്‍ യുഎസ്, ഫ്രാന്‍സ്, യുകെ എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ ഇന്ത്യ കൊണ്ടുവന്ന പ്രമേയമാണ് ചൈന എതിര്‍ക്കുന്നത്.
അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ വസ്തുതാപരവും രേഖാമൂലവുമുള്ള തെളിവില്ലെന്ന് ചൈന വാദിച്ചു. 2016 ജനുവരിയില്‍ പഠാന്‍കോട്ട് വ്യോമത്താവളത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ അസ്ഹര്‍ ആയിരുന്നു. അന്നു മുതല്‍ അസ്ഹറിനെ ഭീകരരുടെ കരിമ്പട്ടികയില്‍പെടുത്താന്‍ ഇന്ത്യ ശ്രമിച്ചുവരികയായിരുനു. തുടര്‍ന്നു യുഎസ്, യുകെ, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ ഈ നീക്കത്തിനു പിന്തുണ നല്‍കിയതോടെ എതിര്‍പ്പുമായി ചൈന രംഗത്തു വന്നു.
കഴിഞ്ഞ ഫെബ്രുവരിയില്‍ ചൈന തടസം ഉന്നയിച്ചതിനെ തുടര്‍ന്ന് പ്രമേയം ആറു മാസത്തേക്കു മാറ്റിവച്ചു. അതിനുശേഷം സാങ്കേതിക കാരണങ്ങളാല്‍ ഇതു രണ്ടു മാസത്തേക്കുകൂടി നീട്ടി. ഈ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണു തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്നു വിദേശകാര്യ മന്ത്രാലയ വക്താവ് ഹുവ ചുന്‍യിങ് വ്യക്തമാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല