സ്വന്തം ലേഖകന്‍: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡ് ലഡാക്കില്‍, ഉയരം സമുദ്രനിരപ്പില്‍ നിന്ന് 19,300 അടി! വാഹനമോടിക്കാന്‍ സാധിക്കുന്ന ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള റോഡ് എന്ന ബഹുമതിയാണ് ഈ പര്‍വത പാത സ്വന്തമാക്കിയത്. ജമ്മു കാഷ്മീരിലെ ലഡാക്ക് മേഖലയിലെ അതിര്‍ത്തി ഗ്രാമങ്ങളായ ചിസ്മൂളില്നിന്നു ദേം ചോക്കിലേക്കാണ് ഈ റോഡ്.
ഹിമാംഗ് പദ്ധതിയുടെ ഭാഗമായുള്ള പാത ജമ്മു കാഷ്മീരിന്റെ ഭാഗമായ ഉംലിങ്ക്ലാ മേഖലയിലാണ് നിര്‍മിച്ചിട്ടുള്ളത്. സമുദ്ര നിരപ്പില്‍ നിന്ന് 19,300 അടി ഉയരത്തിലാണ് ഈ പാത. 86 കിലോമീറ്റര്‍ ദൂരമാണ് ഈ പാതയ്ക്കുള്ളത്. ലേയില്‍നിന്നു 230 കിലോമീറ്റര്‍ ദൂരമുണ്ട് ഈ അതിര്‍ത്തി ഗ്രാമങ്ങളിലേക്ക്. ചൈനയില്‍നിന്നു വിളിച്ചാല്‍ കേള്‍ക്കുന്ന ദൂരത്തിലാണ് പാതയെന്നതും ശ്രദ്ധേയമാണ്.
ബോര്‍ഡര്‍ റോഡ് ഓര്ഗനൈസേഷന് (ബിആര്‍ഒ) ആണ് റോഡ് നിര്‍മാണത്തിനു ചുക്കാന്‍ പിടിച്ചത്. നേരത്തെ, ലേയെ നോര്‍ബ താഴ് വരയുമായി ബന്ധിപ്പിക്കുന്നതിനായി 17,900 അടി ഉയരത്തില്‍ ഖര്ഡാംഗു ലാ പാതയും 17,695 അടി ഉയരത്തില്‍ ചങ്ല പാസും നിര്‍മിക്കുന്നതിനു നേതൃത്വം നല്കിയതും ബിആര്‍ഒ ആയിരുന്നു. അതിര്‍ത്തിയിലെ പാതകള്‍ വികസിപ്പിക്കുന്നതില്‍ ഇന്ത്യയും ചൈനയും അടുത്ത കാലത്തായി ഏറെ ശ്രദ്ധിച്ചു തുടങ്ങിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല