സ്വന്തം ലേഖകന്‍: ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുമെന്ന് ചൈന, ഒപ്പം ചൈനീസ് സേനയോട് വലിയ യുദ്ധങ്ങള്‍ ജയിക്കാന്‍ സജ്ജരായിരിക്കാന്‍ നിര്‍ദേശവും. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജയ്‌ശെ മുഹമ്മദിന്റെ തലവനുമായ മസൂദ് അസ്ഹറിനെ ആഗോള ഭീകരപ്പട്ടികയില്‍ പെടുത്താനുള്ള നീക്കം നാലാം തവണയും തടഞ്ഞ ശേഷമാണ് ചൈനയുടെ പുതിയ പ്രഖ്യാപനം. ഇന്ത്യയുമായുള്ള ബന്ധത്തെ വളരെ പ്രധാനപ്പെട്ടതായാണ് ചൈന കാണുന്നതെന്ന് വിദേശകാര്യ സഹമന്ത്രി ഷെന്‍ സിയാദോങ് മാധ്യമങ്ങളോട് പറഞ്ഞു.
ചൈനയുടെ പ്രധാനപ്പെട്ട അയല്‍ക്കാരാണ് ഇന്ത്യ. അയല്‍ രാജ്യങ്ങളുമായി ബന്ധം മെച്ചപ്പെടുത്താന്‍ ചൈന പദ്ധതിയിടുന്നുണ്ടെന്നും ഷെന്‍ അറിയിച്ചു. രക്ഷാസമിതിയില്‍ യു.എസ്, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ മസൂദിനെ ഭീകരപ്പട്ടികയില്‍ പെടുത്തണം എന്നാവശ്യപ്പെട്ട് അവതരിപ്പിച്ച പ്രമേയം ചൈന വീറ്റോ ചെയ്യുകയായിരുന്നു. നാലാം തവണയാണ് ഈ വിഷയത്തില്‍ ചൈന വീറ്റോ അധികാരം പ്രയോഗിക്കുന്നത്.
അതിനിടെ യുദ്ധങ്ങള്‍ നയിച്ച് ജയം നേടാന്‍ പ്രാപ്തരായിരിക്കണമെന്ന് ചൈനീസ് സായുധ സേനയോട് പ്രസിഡന്റ് ഷി ജിന്‍പിങ് ആഹ്വാനം ചെയ്തു. പാര്‍ട്ടിയും ജനങ്ങളും അര്‍പ്പിക്കുന്ന ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ മുന്നോട്ടുവരണമെന്നും ചൈനീസ് സെന്‍ട്രല്‍ മിലിട്ടറി കമീഷന്‍ സംയുക്ത യുദ്ധ കമാന്‍ഡ് സന്ദര്‍ശിച്ച അദ്ദേഹം സൈനികരോട് പറഞ്ഞു.
23 ലക്ഷം അംഗങ്ങളുള്ള ചൈനീസ് സേനയുടെ ഹൈകമാന്‍ഡാണ് സെന്‍ട്രല്‍ മിലിട്ടറി കമീഷന്‍ (സി.എം.സി). ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും സി.എം.സി ചെയര്‍മാനുമായ ഷി സംയുക്ത യുദ്ധ കമാന്‍ഡ് കമാന്‍ഡര്‍ ഇന്‍ ചീഫ് കൂടിയാണ്. ഒക്‌ടോബര്‍ 24 ന് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി മേധാവിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇത് രണ്ടാം തവണയാണ് സായുധ സേനയുടെ ആവശ്യകത ഷി ഊന്നിപ്പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല