സ്വന്തം ലേഖകന്‍: പലിശനിരക്ക് അര ശതമാനമായി ഉയര്‍ത്തിയ ബാങ്ക് ഓഫ് ഇംഗ്ലണ്ട് നടപടി സാധാരണക്കാര്‍ക്ക് ദുരിതമാകുമെന്ന് സമ്മതിച്ച് ഡെപ്യൂട്ടി ഗവര്‍ണര്‍, മോര്‍ട്ട്‌ഗേജുകള്‍ എടുത്തവര്‍ പ്രതിവര്‍ഷം കൂടുതല്‍ അടക്കേണ്ടി വരിക ശരാശരി 180 പൗണ്ട്, പലിശനിരക്ക് ഇനിയും വര്‍ധിപ്പിക്കുമെന്നും സൂചന. ബാങ്കിന്റെ ഡെപ്യൂട്ടി ഗവര്‍ണര്‍മാരില്‍ ഒരാളായ ബെന്‍ ബ്രോഡ്‌ബെന്റാണ് നിരക്കു വര്‍ധന ഇടത്തരം കുടുംബങ്ങള്‍ക്കും സാധാരണക്കാര്‍ക്കും ദുരിതമാകുമെന്ന് വ്യക്തമാക്കിയത്.
കൂടാതെ പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള ബാങ്കിന്റെ ശ്രമങ്ങളുടെ ഭാഗമായി പലിശ നിരക്കില്‍ ഇനിയും വര്‍ധനയുണ്ടാകുമെന്നും ബ്രോഡ്‌ബെന്റ് സൂചന നല്‍കി. ബാങ്കിന്റെ പലിശനിരക്ക് ഉയര്‍ത്താനുള്ള ശ്രമങ്ങളെ തുടര്‍ച്ചയായി എതിര്‍ത്തിരുന്ന ആളാണ് ബ്രോഡ്‌ബെന്റ്. പത്തു വര്‍ഷത്തിനിടെ ആദ്യമായാണ് ബ്രിട്ടനില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് കൂട്ടുന്നത്. നിലവിലുണ്ടായിരുന്ന 0.25 ശതമാനം ഒഫീഷ്യല്‍ ബാങ്ക് റേറ്റ് ഇരട്ടിയായാണ് (0.50) വര്‍ധിപ്പിച്ചത്.
ഇതോടെ നിക്ഷേപങ്ങളുടെ പലിശനിരക്ക് വര്‍ധിക്കുന്നതോടൊപ്പം വായ്പകളുടെയും പലിശനിരക്ക് ഉയരും. വീട് വാങ്ങുന്നവരെയും നിലവില്‍ വേരിയബിള്‍ പലിശനിരക്കില്‍ മോര്‍ഗേജ് എടുത്തിട്ടുള്ളവരെയും ഈ മാറ്റം പ്രതികൂലമായി ബാധിക്കുമെന്നാണ് സൂചന. പുതിയ നിരക്ക് അനുസരിച്ച് വിവിധ നിരക്കുകളില്‍ മോര്‍ട്ട്‌ഗേജുകള്‍ എടുത്തവര്‍ ചുരുങ്ങിയത് 180 പൗണ്ടെങ്കിലും പ്രതിവര്‍ഷം അധികമായി തിരിച്ചടക്കേണ്ടി വരും.
അടുത്ത മൂന്ന് വര്‍ഷത്തിനിടെ രണ്ടു തവണ കൂടി പലിശ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ മാര്‍ക്ക് കാര്‍ണി സൂചന നല്‍കി. പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടികളെന്നും 2020 ആകുമ്പോഴേക്കും പലിശനിരക്കുകള്‍ 1 ശതമാനം ആക്കാനാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ലക്ഷ്യമിടുന്നത് എന്നുമാണ് ധനകാര്യ വിദഗ്ദര്‍ കണക്കുകൂട്ടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല