സജീഷ് ടോം (ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍): ഗര്‍ഷോം ടി.വി. യുക്മ സ്റ്റാര്‍സിംഗര്‍ 3 മ്യൂസിക്കല്‍ റിയാലിറ്റി ഷോയുടെ ഔപചാരിക ഉദ്ഘാടനം ഒക്റ്റോബര്‍ 28 ശനിയാഴ്ച യുക്മ ദേശീയ കലാമേള നഗറില്‍ നടന്നു. മലയാളത്തിന്റെ ജനകീയ നടന് അന്തരിച്ച കലാഭവന്‍ മണിയോടുള്ള ആദരസൂചകമായി, ‘കലാഭവന്‍ മണി നഗര്‍’ എന്ന് നാമകരണം ചെയ്ത വേദിയില്‍ യുക്മ മുന്‍ ദേശീയ പ്രസിഡണ്ട് ഫ്രാന്‍സിസ് മാത്യുവും, സ്റ്റാര്‍സിംഗര്‍ സീസണ് 2 വിജയി അനു ചന്ദ്രയും ചേര്‍ന്ന് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു.
ഏറെ തിരക്കിനിടയിലും യുക്മ ദേശീയ കലാമേള വേദിയില്‍ ഇടം ലഭിച്ചു എന്നതുതന്നെ സ്റ്റാര്‍സിംഗര്‍ പരിപാടിക്ക് യുക്മ നല്കുന്ന പ്രാധാന്യത്തിന് തെളിവാണ്. യുക്മ കലാമേളകള്‍ കഴിഞ്ഞാല്‍, യുക്മ നേതൃത്വം നല്കുന്ന ഏറ്റവുമധികം ജനപ്രിയമായ വേദി സ്റ്റാര്സിംഗറിന്റേതുതന്നെ എന്നതില്‍ സംശയമില്ല. യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ സ്റ്റാര്‍സിംഗര്‍ 3 ബ്രോഷറിന്റെ പ്രകാശനം യുക്മ ദേശീയ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് സ്റ്റാര്‍സിംഗര്‍ ജഡ്ജ്ജിങ് പാനല്‍ അംഗമായ ലോപ മുദ്രക്ക് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. മാമ്മന്‍ ഫിലിപ്പിന്റെ ആശംസാപ്രസംഗത്തെ തുടര്‍ന്ന്; ഗര്‍ഷോം ടി.വി.ഡയറക്റ്റര്‍മാരായ ജോമോന് കുന്നേല്‍, ബിനു ജോര്‍ജ് എന്നിവരും ചടങ്ങില്‍ സംസാരിച്ചു. സ്റ്റാര്‍സിംഗര്‍ 3 ചീഫ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സജീഷ് ടോം ഉദ്ഘാടന ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
2014 ല്‍ പദ്മശ്രീ കെ.എസ്.ചിത്രയുടെ കയ്യൊപ്പു പതിഞ്ഞ യുക്മ സ്റ്റാര്‍സിംഗര്‍ സീസണ് 1 യു കെ മലയാളികള്‍ക്ക് അവിസ്മരണീയമായ ചരിത്രമുഹൂര്‍ത്തങ്ങളാണ് സമ്മാനിച്ചത്. ഗര്‍ഷോം ടി.വി.യുടെ സഹകരണത്തോടെ 2016 ല്‍ അരങ്ങേറിയ സ്റ്റാര്‍സിംഗര്‍ സീസണ് 2 ലൈവ് ജഡ്ജ്മെന്റ് കൊണ്ട് ശ്രദ്ധേയമാവുകയുണ്ടായി. നടനും നര്‍ത്തകനുമായ വിനീത് ഉദ്ഘാടനം നിര്‍വഹിക്കുകയും, ഗായകനും നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന് നേതൃത്വം നല്കിയ താരസംഘം നയിച്ച ഗ്രാന്‍ഡ് ഫിനാലെയിലൂടെ ശ്രദ്ധേയമാവുകയും ചെയ്ത സീസണ് 2 യു കെ മലയാളികളുടെ സംഗീതാസ്വാദന രംഗത്ത് പുതിയൊരധ്യായം എഴുതിച്ചേര്‍ത്തു.
ഏറെ പുതുമകള്‍ നിറഞ്ഞ ഒന്നാണ് ഗര്‍ഷോം ടി.വി. യുക്മ സ്റ്റാര്‍സിംഗര്‍ 3. സ്റ്റാര്‍സിംഗറിന്റെ ചരിത്രത്തില്‍ ആദ്യമായി പൊതുവേദിയില്‍ ഒഡിഷന് നടത്തി മത്സരാര്‍ത്ഥികളെ തെരഞ്ഞെടുത്തു എന്നതുതന്നെയാണ് പ്രധാന സവിശേഷത. അതോടൊപ്പം, കഴിഞ്ഞ രണ്ടു പരമ്പരകളിലും യു.കെ.യിലെ മലയാളി ഗായകപ്രതിഭകളെ കണ്ടെത്താനുള്ള മത്സരമായിരുന്ന സ്റ്റാര്‍സിംഗര്‍, യു.കെ.യുടെ നാലതിരുകള്‍കടന്ന് യൂറോപ്പിന്റെ വലിയ വേദിയിലേക്ക് നടന്ന് കയറുന്ന കാഴ്ചയാണ് സ്റ്റാര്‍സിംഗര്‍ 3 യില്‍ കാണുക. ലണ്ടനിലും ബര്‍മിംഗ്ഹാമിലും നടന്ന ഒഡിഷനുകള്‍ക്ക് പുറമെ സ്വിറ്റ്സര്‍ലണ്ടില്‍നിന്നും റിപ്പബ്ലിക് ഓഫ് അയര്‍ലണ്ടില്‍നിന്നുമുള്ള മത്സരാര്‍ത്ഥികള്‍ ഉള്‍പ്പെടെ 15 ഗായകരാണ് സ്റ്റാര്‍സിംഗര്‍ 3 യില്‍ മത്സരിക്കുവാന്‍ അര്‍ഹത നേടിയിരിക്കുന്നത്.
സ്റ്റാര്‍സിംഗര്‍ 3 യുടെ ആദ്യ മത്സരങ്ങള്‍ വൂളറാംപ്ടണിലെ യു.കെ.കെ.സി.എ. ആസ്ഥാന മന്ദിരത്തില്‍ നവംബര്‍ 11 ന് നടക്കും. രാവിലെ 9 മണിക്ക് ആരംഭിക്കുന്ന മത്സരങ്ങള്‍ വൈകുന്നേരം ആറ് മണിയോടെ സമാപിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട ശ്രോതാക്കള്‍ക്കും വിധികര്‍ത്താക്കള്‍ക്കും മുന്നിലാവും മത്സരങ്ങള്‍ നടക്കുക. എച്ച്.ഡി. നിലവാരത്തിലുള്ള വിവിധ വീഡിയോ ക്യാമറകള്‍ ഉപയോഗിച്ചായിരിക്കും വെല്‍സ് ചാക്കോയുടെ നേതൃത്വത്തിലുള്ള ഗര്‍ഷോം ടി.വി. സംഘം പരിപാടി ചിത്രീകരിക്കുന്നത്. ജാസ് ലൈവിന്റെ ഉന്നത നിലവാരത്തിലുള്ള ശബ്ദ ചിത്രീകരണവും സ്റ്റാര്‍സിംഗര്‍ 3 യുടെ പ്രത്യേകത ആയിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല