സ്വന്തം ലേഖകന്‍: റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമാക്കി ഹൂതി വിമതരുടെ മിസൈല്‍ ആക്രമണം സൗദി തകര്‍ത്തു. ലക്ഷ്യത്തിലെത്തും മുമ്പ് സൗദി എയര്‍ ഫോഴ്സ് മിസൈല്‍ തകര്‍ത്തുവെന്ന് അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് യെമന്‍ അതിര്‍ത്തിക്കുള്ളില്‍നിന്ന് മിസൈല്‍ തൊടുത്തത്.
ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റിയാദ് എയര്‍പോര്‍ട്ടിനു തൊട്ടടുത്തുവച്ചാണ് ഹൂതി മിസൈലുകള്‍ സൗദി സേന തകര്‍ത്തത്. ഉഗ്ര ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. മിസൈല്‍ പ്രതിരോധിക്കാന്‍ സൗദി പ്രതിരോധ സേന തൊടുത്ത ആന്റി ബാലിസ്റ്റിക് മിസൈലുകളുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
സംഭവത്തില്‍ നാശനഷ്ടങ്ങളൊന്നുമില്ലെന്ന് സൗദി വാര്‍ത്താചാനലായ അല്‍ ഇഖ്ബാരിയ്യ റിപ്പോര്‍ട്ട് ചെയ്തു. ജനജീവിതം സാധാരണ ഗതിയില്‍ തുടരുന്നതായും റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ സര്‍വീസുകള്‍ക്ക് യാതൊരു തടസ്സവും നേരിട്ടിട്ടില്ലെന്നും സുരക്ഷാവൃത്തങ്ങള്‍ വെളിപ്പെടുത്തി.ഏറെ കാലമായി ഹൂതി വിമതരുമായി സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യരാജ്യങ്ങള്‍ യുദ്ധത്തിലേര്‍പ്പെട്ട് വരികയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല