സ്വന്തം ലേഖകന്‍: ചെന്നൈയില്‍ പേമാരി, വെള്ളപ്പൊക്കത്തെ തുടര്‍ന്ന് പതിനായിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. ചെന്നൈയിലും തീരദേശ തമിഴ്നാട്ടിലെ വിവധയിടങ്ങളിലുമായി നൂറോളം ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞ രാത്രിയിലെ ശക്തമായ മഴ രാവിലെയും തുടരുകയാണ്. ശക്തമായ മഴയെ തുടര്‍ന്ന് സ്കൂളുകള്‍ക്ക് അഞ്ചു ദിവസമായി തുടര്‍ച്ചയായി അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇടവിട്ട് ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കു കിഴക്കന്‍ മണ്‍സൂണ്‍ ആരംഭിച്ചപ്പോള്‍ തന്നെ 74 ശതമാനം മഴ ലഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ട് മുതല്‍ വെള്ളിയാഴ്ച രാവിലെ വരെ മാത്രം 140 മില്ലീ മീറ്റര്‍ മഴയാണ് തമിഴ്നാട്ടില്‍ ലഭിച്ചത്. അതേസമയം, ചെന്നൈയില്‍ പലയിടത്തു നിന്നും വെള്ളക്കെട്ടുകള്‍ ഒഴിഞ്ഞു തുടങ്ങിയിട്ടുണ്ട്.
താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളത്തിടിയില്‍ തന്നെയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ചായ മറീന ബീച്ചും വെള്ളത്തിനടിയിലാണ്. മഴക്കെടുതിയുമായി ബന്ധപ്പെട്ട് ഒക്ടോബര്‍ 27 മുതല്‍ ഇതുവരെ സംസ്ഥാനത്ത് 12 പേര് മരിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വെള്ളക്കെട്ടു രൂപപ്പെട്ട പ്രദേശങ്ങളില്‍ വൈദ്യുതാഘാതമേല്‍ക്കാനുള്ള സാധ്യത മുന്നില്‍ കണ്ടു വൈദ്യുതിബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.
ഐടി കമ്പനികളുള്‍പ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ വീട്ടിലിരുന്നു ജോലിചെയ്യാന്‍ ജീവനക്കാര്‍ക്ക് അനുമതി നല്കി. മഴ തുടരുന്നതിനാല്‍, യാത്രക്കാര്‍ക്കു മുന്‍കൂട്ടി ബുക്ക് ചെയ്ത വിമാനം മാറ്റുന്നതിനും റദ്ദാക്കുന്നതിനുമുള്ള പിഴ തല്‍ക്കാലത്തേക്ക് ഒഴിവാക്കുന്നതായി ജെറ്റ് എയര്‍വേയ്സ് അധികൃതര്‍ അറിയിച്ചു. ഇന്നും കനത്ത മഴ തുടരുമെന്നും തിങ്കളാഴ്ച വരെ ഭേദപ്പെട്ട മഴയുണ്ടാകുമെന്നുമാണു കാലാവസ്ഥാ പ്രവചനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല