സ്വന്തം ലേഖകന്‍: ലബനന്‍ പ്രധാനമന്ത്രിയുടെ രാജി ഇറാന്‍, സൗദി പക്ഷങ്ങളുടെ അധികാര വടംവലി കാരണമെന്ന് സൂചന, ഇറാനും സൗദിയും തമ്മില്‍ അടുത്ത നയതന്ത്ര യുദ്ധത്തിന് ലബനനില്‍ അരങ്ങൊരുന്നു. കഴിഞ്ഞ ദിവസമാണ് ലബനന്‍ പ്രധാനമന്ത്രിയായിരുന്ന സഅദ് ഹരീരി രാജിവക്കുന്നതായി പ്രഖ്യാപിച്ചത്. ഹരീരി സൗദിയില്‍ വെച്ചാണ് രാജിപ്രഖ്യാപനം നടത്തിയതെന്നതും ഇറാനും ലബനാനിലെ ഹിസ്ബുല്ലയും ചേര്‍ന്ന് തന്റെ രാജ്യത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണെന്ന് രാജി പ്രഖ്യാപനത്തിനിടെ ഹരീരി രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചതും ശ്രദ്ധേയമായിരുന്നു.
ഇതോടെ സൗദിയും ഇറാനും തമ്മിലുള്ള അത്ര സുഖകരമല്ലാത്ത ബന്ധം വീണ്ടും വഷളാകാന്‍ സാധ്യതയുണ്ടെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. ലബനാന്‍ രാഷ്ട്രീയത്തില്‍ വര്‍ഷങ്ങളായി പുകഞ്ഞുകൊണ്ടിരിക്കുന്ന വിഭാഗീയതയാണ് ഇപ്പോള്‍ ഹരീരിയുടെ രാജിയായി പൊട്ടിത്തെറിച്ചത്. ഇറാന്റെ പിന്തുണയുള്ള, ഹിസ്ബുല്ല നേതൃത്വം കൊടുക്കുന്ന വിഭാഗവും സൗദി പിന്തുണയോടെ ഹരീരി നേതൃത്വം കൊടുക്കുന്ന വിഭാഗവുമാണ് രാജ്യത്ത് അധികാര വടംവലി നടത്തുന്നത്.
ഹരീരി രാജി ലബനനില്‍ ഒരു ആഭ്യന്തരയുദ്ധമായി മാറാനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതുപോലുള്ള മറ്റൊരു ഹരീരിയുടെ പിതാവ് റഫീഖ് ഹരീരിയുടെ കൊലപാതകത്തിലേക്ക് നയിച്ചത്. 2005 ല്‍ നടന്ന ആ കൊലപാതകത്തില്‍ ഹിസ്ബുല്ലക്ക് പങ്കുണ്ടെന്ന നിഗമനത്തിലാണ് ചില അന്വേഷണങ്ങള്‍ എത്തിയത്. കഴിഞ്ഞ ദിവസം രാജി പ്രഖ്യാപിക്കുമ്പോള്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ഹരീരി സൂചിപ്പിച്ചത് ഈ സാഹചര്യത്തിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല