സ്വന്തം ലേഖകന്‍: വിദേശ വിനോദസഞ്ചാരികള്‍ക്ക് പേടിസ്വപ്നമായി ഉത്തര്‍പ്രദേശ്, അഭിവാദ്യം തിരിച്ചുനല്‍കാത്തതിന്റെ പേരില്‍ ജര്‍മ്മന്‍ പൗരന് ക്രൂര മര്‍ദനം. സ്വിറ്റ്സര്‍ലന്‍ഡില്‍നിന്നുള്ള വിനോദസഞ്ചാരികളെ ക്രൂരമായി മര്‍ദിച്ച സംഭവത്തിന്റെ വിവാദം കെട്ടടങ്ങും മുമ്പാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി അടുത്ത സംഭവം.
സോന്‍ഭദ്ര ജില്ലയിലെ റോബര്‍ട്സ്ഗഞ്ച് റെയില്‍വേ സ്റ്റേഷനില്‍ ശനിയാഴ്ചയായിരുന്നു സംഭവം. ബര്‍ലിന്‍ സ്വദേശി ഹോള്‍ഗര്‍ എറീക്കിനാണ് മര്‍ദനമേറ്റത്. സംഭവത്തില്‍ സൂപ്പര്‍വൈസര്‍ അമന്‍കുമാറിനെ അറസ്റ്റ് ചെയ്ത് റെയില്‍വേ പൊലീസിന് കൈമാറിയതായി സര്‍ക്കിള്‍ ഓഫിസര്‍ വിവേകാനന്ദ് തിവാരി അറിയിച്ചെങ്കിലും ആരേയും കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്ന് ജി.ആര്.പി സര്‍ക്കിള്‍ ഓഫിസര്‍ മോണിക്ക ചദ്ധ പറഞ്ഞു.
ജര്‍മ്മന്‍ വിനോദസഞ്ചാരി റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ‘ഇന്ത്യയിലേക്ക് സ്വാഗതം’ എന്ന് താന്‍ അഭിവാദ്യം ചെയ്തെന്നും എന്നാല്‍, തന്നെ തല്ലുകയായിരുന്നുവെന്നും അമന്‍കുമാര്‍ പറയുന്നു. തുടര്‍ന്നാണ് താന്‍ തിരിച്ചുതല്ലിയതെന്നും അദ്ദേഹം വ്യക്തമാക്കി. സുഖവിവരം അന്വേഷിച്ചപ്പോള്‍ ക്ഷുഭിതനായ ജര്‍മന്‍ പൗരന് അമന് കുമാറിനെ ഇടിച്ചെന്നാണ് പൊലീസ് ഭാഷ്യവും.
എന്നാല്‍, അമന് കുമാര്‍ മദ്യപിച്ചിരുന്നതായും അതിനാലാണ് അഭിവാദ്യം ചെയ്തപ്പോള്‍ പ്രതികരിക്കാതിരുന്നതെന്നും ഹോള്‍ഗര്‍ അറിയിച്ചു. പ്രതികരിക്കാത്തതിന്റെ പേരിലാണ് തന്നെ മര്‍ദിച്ചതെന്നും ഹോള്‍ഗര്‍ കൂട്ടിച്ചേര്‍ത്തു. ഹോള്‍ഗര്‍ വേഗം ദേഷ്യംപിടിക്കുന്ന സ്വഭാവക്കാരനാണെന്നും അയാളാണ് ആദ്യം അക്രമം നടത്തിയതെന്നും പൊലീസ് പറഞ്ഞു. മുമ്പ് ഹിമാചല്‍ പ്രദേശില്‍വെച്ച് ഹോള്‍ഗര്‍ സമാനരീതിയില്‍ പെരുമാറിയതായി വിവരം ലഭിച്ചെന്നും പൊലീസ് അവകാശപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല