സ്വന്തം ലേഖകന്‍: ‘ലോകത്തിലെ ഒരു ഏകാധിപതിയും, ഒരു ഭരണകൂടവും യുഎസിനെ ചെറുതായി കാണരുത്’, ഉത്തര കൊറിയക്ക് ശക്തമായ മുന്നറിയിപ്പുമായി പ്രസിഡന്റ് ട്രംപ് ജപ്പാനില്‍. ഏതെങ്കിലും ഏകാധിപതിയോ ഏകാധിപത്യ ഭരണകൂടമോ അമേരിക്കയുടെ ശക്തി കുറച്ചുകാണരുതെന്ന് അഞ്ച് ഏഷ്യന്‍ രാജ്യങ്ങളിലെ പര്യടനത്തിന്റെ ഭാഗമായി ജപ്പാനിലെത്തിയ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യോകോടോകാ വ്യോമത്താവളത്തില്‍ നടത്തിയ പ്രസംഗത്തിലാണ് മുന്നറിയിപ്പു നല്‍കിയത്.
‘ചരിത്രത്തില്‍ ഇടക്കൊക്കെ യു.എസിനെ ചെറുതായി കാണുന്ന ശീലം അവര്‍ക്കുണ്ട്. അത് അവര്‍ക്കു നല്ലതായി ഒരിക്കലും വന്നിട്ടുമില്ല. ശരിയല്ലേ ഞങ്ങള്‍ ആരുടെ മുന്നിലും കീഴടങ്ങിയ ചരിത്രമില്ല. പൗരന്മാരുടെ സുരക്ഷയും യു.എസിന്റെ മഹത്തായ ദേശീയ പതാകയും അപകടത്തിലാക്കി ഒരു കളിക്കും യു.എസ് തയാറല്ല,’ ട്രംപ് തുറന്നടിച്ചു. എയര്‍ബേസില്‍ ആവേശത്തോടെ സ്വീകരിച്ച യു.എസ്, ജപ്പാന്‍ സൈനികരെയും സ്ത്രീകളും കുട്ടികളും നിറഞ്ഞ ആള്‍ക്കൂട്ടത്തെയും സാക്ഷിയാക്കിയായിരുന്നു ട്രംപിന്റെ തീപ്പൊരി പ്രസംഗം.
ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമൊത്ത് കസുമിഗാസെസ്‌കി കണ്‍ട്രി ക്ലബില്‍ ഗോള്‍ഫ് കളിച്ചുകൊണ്ടാണ് ട്രംപ് ചര്‍ച്ചകള്‍ക്കു തുടക്കമിട്ടത്. പ്രഫഷണല്‍ കളിക്കാരനായ ഹിഡെകി മത്‌സ്യുമായും ഗോള്‍ഫ് കളിക്കാനെത്തി. ഉത്തര കൊറിയന്‍ പ്രതിസന്ധിയെക്കുറിച്ചും വാണിജ്യത്തെക്കുറിച്ചും ട്രംപും ആബെയും സംഭാഷണം നടത്തിയതായി ഒരു വൈറ്റ്ഹൗസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. തിങ്കളാഴ്ച ഔദ്യോഗിക ചര്‍ച്ചകള്‍ നടക്കും. തുടര്‍ന്ന് ഇരുവരും സംയുക്ത പത്രസമ്മേളനം നടത്തും.
അതേസമയം, ഉത്തര കൊറിയന്‍ പ്രശ്‌നത്തെക്കുറിച്ച് ആവശ്യമില്ലാത്ത പരാമര്‍ശങ്ങള്‍ നടത്താന്‍ ട്രംപ് തുനിയരുതെന്ന് ഉത്തര കൊറിയന്‍ ഭരണകക്ഷിയുടെ പത്രം റോഡോംഗ് സിന്‍മുന്‍ മുന്നറിയിപ്പു നല്‍കി. അമേരിക്കയില്‍ ആണവ ദുരന്തം കൊണ്ടുവരാന്‍ സാധ്യതയുള്ള ട്രംപിനെ ഇംപീച്ചു ചെയ്യാന്‍ അമേരിക്കക്കാര്‍ തയാറെടുക്കുകയാണെന്നും സിന്‍മുന്‍ ആരോപിച്ചു. ജപ്പാനില്‍ നിന്ന് ദക്ഷിണകൊറിയ, ചൈന, വിയറ്റ്‌നാം, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലേക്കാണ് ട്രംപ് യാത്ര തിരിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല