സ്വന്തം ലേഖകന്‍: ഭീകര വിരുദ്ധ നിയമത്തില്‍ അടിമുടി അഴിച്ചുപണിയുമായി സൗദി, ഇനി ഭീകരരെ സഹായിച്ചാലും കടുത്ത ശിക്ഷ. ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഭേദഗതി അംഗീകരിച്ചത്. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്ന പുതിയ ഭീകര വിരുദ്ധ നിയമം മനുഷ്യ ജീവന്‍ അപായപ്പെടുത്തുന്ന ഭീകരാക്രമണം നടത്തുന്നവര്‍ക്കും ആക്രമണത്തിന് ധനസഹായം നല്‍കുന്നവര്‍ക്കും വധശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നു.
ഭീകരവാദം പ്രചരിപ്പിക്കുന്നതിന് അധികാര ദുര്‍വിനിയോഗം നടത്തുക, ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന വിദ്യാഭ്യാസസാമൂഹികമാധ്യമ മേഖലയില്‍ പ്രവര്‍ത്തകര്‍ക്കും കടുത്ത ശിക്ഷ ലഭിക്കും. ഇത്തരക്കാര്‍ക്ക് ചുരുങ്ങിയത് 15 വര്‍ഷം തടവാണ് ഭേദഗതി ചെയ്ത നിയമം അനുശാസിക്കുന്നത്. ഭരണകര്‍ത്താക്കളെ പ്രത്യക്ഷമായോ പരോക്ഷമായോ അപകീര്‍ത്തിപ്പെടുത്തുന്നത് ഭീകര വിരുദ്ധ നിയമത്തിന്റെ പരിധിയില്‍ വരും.
ഭീകരാക്രമണത്തിന് ആയുധം, സ്‌ഫോടക വസ്തു എന്നിവ കൈവശം വെക്കുന്നവര്‍ക്ക് 10 മുതല്‍ 30 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കും. ഭീകര സംഘടനകള്‍ രൂപീകരിക്കുന്നവര്‍ക്കു 10 മുതല്‍ 25 വര്‍ഷം വരെ തടവും ഭീകര സംഘടനകളില്‍ ചേര്‍ന്ന് പരിശീലനം നേടുന്ന സൈനിക, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് 20 മുതല്‍ 30 വര്‍ഷം വരെ തടവും ശിക്ഷ ലഭിക്കും.
ഭീകരര്‍ക്ക് ആയുധ പരിശീലനത്തിന് സ്ഥലം അനുവദിക്കുക, ആയുധങ്ങളോ സ്‌ഫോടക വസ്തുക്കളോ നല്‍കുക, വാര്‍ത്താ വിനിമയ സംവിധാനം ഒരുക്കുക, സ്‌ഫോടക വസ്തുക്കള്‍ കടത്താന്‍ സഹായിക്കുക, ഭീകരര്‍ക്ക് താമസവും അഭയവും ചികിത്സയും യാത്രാ സൗകര്യവും നല്‍കുക എന്നീ കുറ്റങ്ങള്‍ക്ക് 10 മുതല്‍ 25 വര്‍ഷം വരെ തടവു ശിക്ഷയാണ് പുതിയ നിയമ വ്യവസ്ഥ ചെയ്യുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല